26ന്റെ നിറവില്‍ ലേഡീസ് സ്‌പെഷ്യല്‍ ട്രെയിന്‍
ലോകത്തെ തന്നെ ആദ്യത്തെ ലേഡീസ് സ്പെഷല്‍ ട്രെയിന്‍ പശ്ചിമ റെയില്‍വേ ചര്‍ച്ച്ഗേറ്റ്, ബോറിവ്ലി സ്റ്റേഷനുകള്‍ക്കിടയില്‍ ആരംഭിച്ചിട്ട് 26 വര്‍ഷം പൂര്‍ത്തിയായി. 1992 മേയ് അഞ്ചിനാണ് ഈ സര്‍വീസ് ആരംഭിക്കുന്നത്.
ആ ചരിത്ര ദിനത്തിന്റെ സ്മരണയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചാണ് ഇന്നലെ ലേഡീസ് സ്പെഷല്‍ ട്രെയിനുകള്‍ എത്തിയത്. സ്ത്രീയാത്രക്കാര്‍ക്ക് തിരക്കും മറ്റു ശല്യങ്ങളും ഒഴിവാക്കി സ്വസ്ഥമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ് ലേഡീസ് സ്പെഷലുകള്‍ ഒരുക്കുന്നത്.
ഉദ്യോഗസ്ഥകള്‍ക്കാണ് ഇത് ഏറ്റവും അനുഗ്രഹമാകുന്നത്. നിലവില്‍ പ്രതിദിനം എട്ടു ലേഡീസ് സ്പെഷല്‍ സര്‍വീസുകള്‍ പശ്ചിമ റെയില്‍വേ നടത്തുന്നുണ്ട്. രാവിലെ ബോറിവ്ലി, ഭായിന്ദര്‍, വസായ് റോഡ്, വിരാര്‍ സ്റ്റേഷനുകളില്‍ നിന്ന് ചര്‍ച്ച്ഗേറ്റിലേക്കും വൈകിട്ട് തിരിച്ചുമാണ് സര്‍വീസുകള്‍.
മധ്യറെയില്‍വേയും 1992 ജൂലൈയില്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ (സിഎസ്എംടി) നിന്ന് കല്യാണ്‍ വരെ ലേഡീസ് സ്പെഷല്‍ ട്രെയിനുമായി തുടക്കമിട്ടു.
ഇപ്പോള്‍ പൂര്‍ണമായും ലേഡീസ് കോച്ചുകള്‍ ഉള്ള നാലു സര്‍വീസുകളും കൂടുതല്‍ കോച്ചുകള്‍ സ്ത്രീകള്‍ക്കായി നീക്കിവച്ച 24 സര്‍വീസുകളും മധ്യറെയില്‍വേയ്ക്കുണ്ട്.