News

സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക് മെട്രോ രണ്ടാഴ്ചയ്ക്കുള്ളില്‍

ചെന്നൈ നഗരം കണ്ണുനട്ട് കാത്തിരിക്കുന്ന രണ്ടു മെട്രോ പാതകളിലൂടെ ട്രെയിന്‍ ഓടാന്‍ ഇനി അധികം വൈകില്ലെന്നു സൂചന. റെയില്‍വേ യാത്രക്കാര്‍ക്കു വന്‍തോതില്‍ ഗുണംചെയ്യുന്ന ചെന്നൈ സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക്, ലിറ്റില്‍ മൗണ്ട് – എജി ഡിഎംഎസ് പാതകളില്‍ ഒരു മാസത്തിനുള്ളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും.

ഇതില്‍ സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക് പാത രണ്ടാഴ്ചയ്ക്കുള്ളില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് മെട്രോ അധികൃതര്‍ നല്‍കുന്ന സൂചന.

പലതവണ മാറ്റിവച്ച ശേഷമാണു ചെന്നൈ സെന്‍ട്രല്‍ നെഹ്‌റു പാര്‍ക്ക് പാത ഗതാഗതത്തിനായി തുറക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെ ട്രെയിന്‍ ഓടുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അതു നടന്നില്ല.

മെട്രോ സ്റ്റേഷനുകളിലെ ചില പണികള്‍ പൂര്‍ത്തിയാകാത്തതാണു വൈകാന്‍ കാരണം. ചെന്നൈ മെട്രോയ്ക്കു കീഴില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തുന്ന സ്റ്റേഷനുകളിലൊന്നായി ചെന്നൈ സെന്‍ട്രല്‍ മാറും.

അതിനാല്‍, എല്ലാ സംവിധാനങ്ങളും പൂര്‍ണമായതിനു ശേഷം ഉദ്ഘാടനം മതിയെന്നാണു തീരുമാനം. അവധിക്കാലമായതിനാല്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം വന്‍ തോതില്‍ കൂടിയിട്ടുണ്ട്. നിലവില്‍ ദിനംപ്രതി 28000 പേര്‍ വരെ യാത്ര ചെയ്യുന്നുണ്ടെന്നാണു കണക്ക്.

പുതിയ രണ്ടു പാതകള്‍ കൂടി തുറക്കുന്നതോടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണു പ്രതീക്ഷ. മെട്രോ ട്രെയിന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ നിന്നു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കു യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതായിരിക്കും നെഹ്‌റു പാര്‍ക്ക് – സെന്‍ട്രല്‍ പാത.ഇതിന്റെ ആകെ നീളം 2.7 കി.മീറ്ററാണ്.

രണ്ടു സ്റ്റേഷനുകള്‍ക്കുമിടയില്‍ എഗ്മൂര്‍ സ്റ്റേഷന്‍കൂടി വരുന്നതോടെ റെയില്‍വേയും മെട്രോയും തമ്മിലുള്ള പാലമായും ഇതു മാറും. നഗരത്തിലെ പ്രധാനപ്പെട്ട രണ്ടു റെയില്‍വേ സ്റ്റേഷനുകളെ വിമാനത്താവളവുമായി നേരിട്ടു ബന്ധിപ്പിക്കുന്ന പാതയെന്ന പ്രത്യേകതയും ഇതിനുണ്ടാകും. ലിറ്റില്‍ മൗണ്ട് മുതല്‍ എജി-ഡിഎംസ് പാതയില്‍ ട്രെയിന്‍ ഓടിയാല്‍ അണ്ണാശാല, സെയ്ദാപേട്ട്, നന്ദനം, തെയ്‌നാംപേട്ട് പ്രദേശങ്ങള്‍ മെട്രോ പരിധിയിലാകും.

സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക് പാതയില്‍ മെട്രോ അധികൃതരുടെ പരിശോധന ഉടന്‍ തുടങ്ങുമെന്നാണു സിഎംആര്‍എല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.