കടല്‍ കടന്നൊരു ബേപ്പൂര്‍ ഉരു ഖത്തറിലേക്ക്
അണിയത്തില്‍ അത്യപൂര്‍വ കൊത്തുപണികളുമായി ബേപ്പൂരില്‍ നിര്‍മിച്ച ഉല്ലാസ നൗക ഖത്തറിലേക്കു യാത്രയായി. തുറമുഖ, കസ്റ്റംസ്-ഇമിഗ്രേഷന്‍ അധികൃതരുടെ യാത്രാ രേഖകള്‍ ലഭ്യമായതോടെ ഉച്ചയ്ക്ക് 2.30നാണു സംബൂക്ക് ഉരു തുറമുഖം വിട്ടത്.
കാലാവസ്ഥ അനുകൂലമായാല്‍ 10 ദിവസത്തിനകം ഖത്തറില്‍ എത്തുമെന്നു നിര്‍മാണത്തിനു നേതൃത്വം നല്കിയ ബേപ്പൂര്‍ ബിനാഫ എന്റര്‍പ്രൈസസ് ഉടമ പാണ്ടികശാലകണ്ടി അബ്ദുല്‍ മജീദ് പറഞ്ഞു.
ഖത്തര്‍ വ്യവസായി ഖാലിദ് അല്‍ സുലൈത്തിക്കു വേണ്ടി 12 കോടി രൂപ ചെലവിലാണു ഭീമന് ഉരു നിര്‍മിച്ചത്. മുകള്‍ ഭാഗത്തു 140 അടിയും അടിഭാഗത്തു(കീല്) 90 അടിയുമാണ് നീളം. 22 അടി ഉയരവും 30 അടി വീതിയുമുള്ള ഉരുവിനു രണ്ടു തട്ടുകളുണ്ട്.
ഖത്തറില്‍ വിനോദ സഞ്ചാരത്തിനു ഉപയോഗിക്കാനുള്ളതാണിത്. രണ്ടു മാസം മുന്‍പ് നീറ്റിലിറക്കിയ ഉരു യുവ എന്‍ജിനീയര്‍ കെ.പി. നിഷാദിന്റെ നേതൃത്വത്തില്‍ അകത്തെ ആഡംബര പണികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണു കൊണ്ടുപോയത്.
തച്ചുശാസ്ത്ര വിദഗ്ധന്‍ പുഴക്കര രമേശന്റെ നേതൃത്വത്തില്‍ 30 തൊഴിലാളികള്‍ രണ്ടര വര്‍ഷം കൊണ്ടാണു പണി പൂര്‍ത്തീകരിച്ചത്. തുറമുഖത്തു നടന്ന യാത്രയയപ്പില്‍ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ കെ. അശ്വനി പ്രതാപ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ സി.പി. ഗിരീഷ് കുമാര്‍, ഇമിഗ്രേഷന്‍ ഓഫിസര്‍ തോമസ് തങ്കച്ചന്, കസ്റ്റംസ് സൂപ്രണ്ട് സി. ഗോകുല്‍ദാസ്, ഇന്‍സ്പെക്ടര്‍ എം. പ്രകാശ്, പാണ്ടികശാലകണ്ടി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.