ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനക്കമ്പനി ഇന്ത്യയില്‍; നടപടി പുരോഗമിക്കുന്നു
ഇന്ത്യയിൽ ആഭ്യന്തര സർവീസ് തുടങ്ങാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിര്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തു വിട്ടത്. വ്യോമയാന മേഖലയിലെ നൂറു ശതമാനം വിദേശനിക്ഷേപമെന്ന കേന്ദ്രസർക്കാറിന്റെ നിയമഭേദഗതിയാണ് ഖത്തർ എയർവേയ്സിന് തുണയായിരിക്കുന്നത്. നേരത്തെ വിദേശ വിമാന കമ്പനികൾക്ക് 49 ശതമാനം മാത്രമേ ഇന്ത്യയിൽ വിദേശനിക്ഷേപം അനുവദിച്ചിരുന്നുള്ളൂ.
ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഖത്തർ എയർവേയ്സിന്റെ ആഭ്യന്തര സർവീസ് പൂർണമായും ഖത്തര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴിയായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിന്നും ചെയര്‍മാനെ നിയമിക്കും. കൂടാതെ ബോര്‍ഡംഗങ്ങളില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും.
ഇന്ത്യയിൽ ആഭ്യന്തര വിമാനകമ്പനി തുടങ്ങാൻ പദ്ധതിയിടുന്നുവെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അക്ബർ അൽ ബാകിർ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ആഭ്യന്തര സർവീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിയമവിദഗ്ധർ നടപടികളാരംഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ചുള്ള ചില നിർണായക വിവരങ്ങൾ ഇന്ത്യന്‍ സർക്കാറിൽ നിന്നും ലഭ്യമാകുമെന്നും ബാകിര്‍ പറഞ്ഞു. അതേസമയം, ഖത്തർ എയർവേയ്സ് മുന്നോട്ട് വെച്ചിരിക്കുന്ന പദ്ധതിയില്‍ ഇന്ത്യന്‍ കമ്പനികള്‍ പങ്കാളികളാവില്ല. എന്നാല്‍ ഇന്ത്യക്കാർക്ക് ഭൂരിപക്ഷം പ്രാതിനിധ്യമുള്ള മാനേജ്മെന്റ് ആയിരിക്കും.