News

ഉത്തരേന്ത്യയെ തകർത്തെറിഞ്ഞ് മഴയും പൊടിക്കാറ്റും: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു, 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം

ഉത്തരേന്ത്യയില്‍ വീശിയടിച്ച കനത്തകാറ്റിലും മഴയിലും വന്‍നാശനഷ്ടം. ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും 48 മണിക്കൂറിനുള്ളിൽ ശക്തിയായ പൊടിക്കാറ്റ് വീണ്ടും വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ 30 ജില്ലകളില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.

രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതച്ചത്. ആഗ്രയില്‍ താജ്മഹലിലേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടാതെ പക്ഷിസങ്കേതങ്ങളായ ഭരത്പൂരും ബിക്കാനീറും, . താർ മരുഭൂമിയിലേക്കുള്ള പ്രവേശന കവാടകമായ ചുരുവും അടച്ചു.

അതേസമയം, കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 125ആയി ഉയര്‍ന്നു.  യുപിയിൽ 64 പേരും രാജസ്ഥാനിൽ 31 പേരും ഉത്തരാഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ രണ്ടു പേർ വീതവും മരിച്ചു. ഹരിയാനയിലും നാശനഷ്ടമുണ്ട്. ഡൽഹിയിൽ കാറ്റിലും മഴയിലും ഗതാഗതം തടസ്സപ്പെട്ടു. രണ്ടു രാജ്യാന്തര സർവീസ് അടക്കം 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.

നൂറുകണക്കിനാളുകൾക്ക് പരിക്കുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകിവീണ് വൈദ്യുതി നിലച്ചു. പശ്ചിമ ഉത്തർപ്രദേശിലെ നാലു ജില്ലകളെ ദുരന്തം കാര്യമായി ബാധിച്ചു. ബിക്കാനിർ, അൽവർ, ഭരത്പുർ, ധോൽപുർ, കരൗലി, ജുൻജുനു, സ്വായി മധോപുർ, സികർ, ശ്രീഗംഗാനഗർ, ജയ്സാൽമർ ജില്ലകളിൽ പൊടിക്കാറ്റോ പേമാരിയോ കൊടുങ്കാറ്റോ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന.