കേരള ജൈവകാര്‍ഷിക പ്രദര്‍ശനം ഇന്നുമുതല്‍ അനന്തപുരിയില്‍
കേരളത്തിന്‍റെ തനത് കാര്‍ഷിക-സാംസ്കാരിക പ്രദര്‍ശനവുമായി കാര്‍ഷികമേള തിരുവനന്തപുരത്ത്. ഇന്നുമുതല്‍ 20 വരെയാണ് സംസ്ഥാന ജൈവകാര്‍ഷിക കൂട്ടായ്മയും സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനും സയുക്തമായി നടത്തുന്ന കാര്‍ഷികമേള പുത്തരികണ്ടം മൈതാനത്ത് നടക്കുക.
പരിപാടി നടനും രാജ്യസഭാംഗവുമായ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. ഗ്രാമങ്ങള്‍, കാവ്, കുളം, കെട്ട് വെള്ളങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന പവലിയനിലാണ് കാര്‍ഷികമേള നടക്കുക. ഒരുസെന്‍റ് സ്ഥലത്ത് എങ്ങനെ കൃഷിചെയ്യാം തുടങ്ങി ആധുനിക ഹൈടെക് കൃഷിരീതി വരെ മേളയില്‍ പരിചയപ്പെടുത്തും.
ഗാര്‍ഹിക മാലിന്യംകൊണ്ട് മത്സ്യകൃഷി നടത്തുന്ന രീതി, തേന്‍ ഉല്‍പാദനം, പൗള്‍ട്രി ഫാം, 32 തരം ആടുകള്‍, യമു കൃഷി, വിവിധതരം വാഴകള്‍, 25 തരം ജൈവമാമ്പഴം, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനമാണ് മേളയില്‍ ഒരുക്കുക. കൂടാതെ നാടന്‍ വിഭവങ്ങള്‍ ലഭ്യമാകുന്ന ഭക്ഷ്യശാലയും ഒരുക്കിയിട്ടുണ്ട്. കാച്ചില്‍, ചേമ്പ്, ചേന, കൂവ, മധുരക്കിഴങ്ങ്, കപ്പ, കാന്താരി ചമ്മന്തി, മുളക് ചമ്മന്തി എന്നിവയാണ് ഭക്ഷ്യശാലയില്‍ ലഭിക്കുക.