വേമ്പനാട്ടു കായലില്‍ അതിവേഗ ജലപാത വരുന്നു
കുമരകത്ത് നിന്ന് മുഹമ്മയിലെത്താന്‍ ജലഗതാഗത വകുപ്പിന്റെ അതിവേഗ ജലപാത തയ്യാറാകുന്നു. കുമരകത്ത് നിന്ന് പുറപ്പെടുന്ന ബോട്ട് 20 മിനിറ്റിനുള്ളില്‍ എത്തുന്ന പാതയുടെ ഹൈഡ്രോഗ്രാഫി സര്‍വേ പൂര്‍ത്തിയായി. ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
ജലപാതയില്‍ എക്കലടിഞ്ഞു പല സ്ഥലത്തു ആഴം കുറഞ്ഞിരിക്കുന്നതിനാല്‍ 40 മിനിറ്റ് വേണം ഇപ്പോള്‍ വേമ്പനാട്ടു കായയലിലൂടെ ബോട്ടിന് മുഹമ്മയില്‍ എത്താന്‍.
ജലപാതയിലൂടെതന്നെ ബോട്ട് ഓടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബോട്ട് സുഗമമായി ഓടണമെങ്കില്‍ രണ്ടര മീറ്റര്‍ ആഴമെങ്കിലും വേണം. ജലപാതയുടെ പലസ്ഥലത്തും ഒന്നര മീറ്റര്‍ താഴ്ചയേയുള്ളൂ. ജലപാതയുടെ ആഴം കുറവുള്ള ഭാഗത്തെത്തുമ്പോള്‍ ബോട്ട് വഴിമാറി സഞ്ചരിച്ചശേഷം വീണ്ടും ജലപാതയില്‍ എത്തിയാണ് യാത്ര തുടരുന്നത്.
മുഹമ്മയിലേക്കുള്ള സര്‍വീസിനിടെ പലതവണ ബോട്ട് വഴിമാറി ഓടേണ്ടി വരുന്നതിനാല്‍ സമയം കൂടുതലെടുത്താണ് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. മുഹമ്മ സ്റ്റേഷന്‍ ഓഫിസിനോട് ചേര്‍ന്നുള്ള ഹൈഡ്രോ ഗ്രാഫിക് സര്‍വേ ഓഫിസാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. സര്‍വേഫലം ഇനി ജലഗതാഗതവകുപ്പിനു കൈമാറും.
തുടര്‍ന്ന് എസ്റ്റിമേറ്റ് എടുത്തു ഭരണാനുമതിക്കായി വിടും. സാങ്കേതികാനുമതി കിട്ടുന്ന മുറയ്ക്കു ടെന്‍ഡര്‍ നടപടിയും പൂര്‍ത്തായാക്കും. ഒരു മാസംകൊണ്ടു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടത്താനാണ് ഉള്‍നാടന്‍ ജല ഗതാഗതവകുപ്പിന്റെ നീക്കം.