കത്താറ ബീച്ചില്‍ ഇന്നുമുതല്‍ പ്രവേശനം സൗജന്യം

ദോഹ കത്താറ ബീച്ചിലേക്ക് ഇന്നുമുതല്‍ പ്രവേശനം സൗജന്യം. മുതിര്‍ന്നവര്‍ക്ക് 100 റിയാലും കുട്ടികള്‍ക്ക് 50 റിയാലുമായിരുന്നു പ്രവേശന ഫീസ് ഈടാക്കിയിരുന്നത്. ഇന്‍ഫ്‌ളേറ്റബിള്‍ ഗെയിമുകള്‍ കളിക്കാന്‍ 50 റിയാലിന്‍റെ പാസ് വേറെ എടുക്കണം. ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ് ആവശ്യമില്ല.

ബീച്ചില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാട്ടര്‍ സ്‌പോര്‍ട്‌സിനുള്ള സൗകര്യങ്ങളുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പതര മുതല്‍ സൂര്യാസ്തമയം വരെയും വാരാന്ത്യ ദിനങ്ങളില്‍ രാത്രി ഒമ്പതരവരെയുമാണ്‌ പ്രവേശനം. സൂര്യാസ്തമയത്തിനുശേഷം നീന്തല്‍ അനുവദിക്കില്ല.

അതേസമയം, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഹൈടെക് പ്ലാനറ്റേറിയം, ആഡംബര ഷോപ്പിങ് മാള്‍, കുട്ടികളടക്കമുള്ളവര്‍ക്ക് ഷോപ്പിങ് സൗകര്യങ്ങള്‍ തുടങ്ങിവ കത്താറ വില്ലേജില്‍ തയ്യാറാക്കുന്നുണ്ട്. ഈ വര്‍ഷം അവസാനപാദത്തില്‍ പ്ലാനറ്റേറിയത്തിന്‍റെയും വാനനിരീക്ഷണ കേന്ദ്രത്തിന്‍റെയും പണിപൂര്‍ത്തിയാകും. കടല്‍ കാണാവുന്ന വിധത്തില്‍ 12 വ്യത്യസ്ത കെട്ടിടങ്ങളും പാര്‍ക്കിങ് സ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഭക്ഷണശാലകള്‍, കഫേകള്‍, വായനശാലകള്‍, പ്രദര്‍ശനഹാള്‍, സിനിമാ തിയേറ്റര്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാകും.