തലസ്ഥാനനഗരിയില്‍ പരിഷ്‌ക്കരിച്ച പാര്‍ക്കിങ്ങ് നിരക്ക് നിലവില്‍ വരുന്നു
തലസ്ഥാന നഗരിയില്‍ വാഹന പാര്‍ക്കിങ്ങ് സംവിധാനം കാര്യക്ഷമമായി പരിഷ്‌ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള കരടു നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. വാണിജ്യ മേഖലകളില്‍ പാര്‍ക്കിങ്ങിനു വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരടു നയം താമസിയാതെ നടപ്പാക്കാനൊരുങ്ങുകയാണു ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി നയം സംബന്ധിച്ചു പൊതുജനങ്ങളുടെ അഭിപ്രായം തേടി കരടു രേഖ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
നയം നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘത്തിനു ഗതാഗത വകുപ്പ് രൂപം നല്‍കി. പൊതുസ്ഥലത്തു സൗജന്യ പാര്‍ക്കിങ് പൂര്‍ണമായി ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സൗജന്യ പാര്‍ക്കിങ് മുതലെടുത്ത് വാഹനങ്ങള്‍ അനാവശ്യമായി മണിക്കൂറുകള്‍ ഒരേ സ്ഥലത്തു നിര്‍ത്തിയിടുന്നതും ഇതുമൂലം ഗതാഗത കുരുക്കുണ്ടാകുന്നതും കണക്കിലെടുത്താണു നീക്കം.
മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിച്ചാല്‍, അനാവശ്യ പാര്‍ക്കിങ് ഒഴിവാക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വാര്‍ഷിക, പ്രതിമാസ നിരക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥിര പാര്‍ക്കിങ് അനുവദിക്കുന്ന രീതി ഒഴിവാക്കാനും കരടു രേഖ ശുപാര്‍ശ ചെയ്യുന്നു. ഭവന മേഖലകളില്‍ അമിത പാര്‍ക്കിങ് നിരക്ക് ഈടാക്കരുതെന്നാണു ഗതാഗത വകുപ്പിന്റെ നിലപാട്. അല്‍പ നേരത്തേക്കു പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കായി പ്രത്യേക ഇടങ്ങള്‍ പാര്‍ക്കിങ് മേഖലകളില്‍ സജ്ജമാക്കണം.
തിരക്കേറിയ സമയം, തിരക്കില്ലാത്ത സമയം എന്നതിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ മേഖലകളില്‍ പാര്‍ക്കിങ് നിരക്ക് നിശ്ചയിക്കും. തിരക്കേറിയ സമയത്ത് കൂടുതല്‍ നിരക്ക് ഈടാക്കും. വാരാന്ത്യങ്ങളില്‍ പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തും. സന്ദര്‍ശകരുടെ തിരക്കിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ മേഖലകളെ വിവിധ വിഭാഗങ്ങളായി തിരിക്കും. ഏറ്റവും തിരക്കേറിയ ഇടങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തും