മുഖം മിനുക്കി ചെന്നൈ എയര്‍പോര്‍ട്ട്
പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചെന്നൈ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറും. നിലവില്‍ രാജ്യത്തെ തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ചെന്നൈ, വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒന്നാം നിരയിലേക്കു കയറും. പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനും മറ്റുമായി 2467 കോടി രൂപയാണ് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ഇന്നലെ അനുവദിച്ചത്.
വ്യോമയാന ഗതാഗത മേഖലയുടെ വളര്‍ച്ച കണക്കിലെടുത്താണ് രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ദക്ഷിണേന്ത്യയില്‍നിന്നു ചെന്നൈയും ഉത്തരേന്ത്യയില്‍ നിന്നു ലക്നൗവും വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു ഗുവാഹത്തിയുമാണു പട്ടികയില്‍ ഇടം നേടിയത്. നിലവിലെ സൗകര്യം, യാത്രക്കാരുടെ എണ്ണം, സ്ഥലത്തിന്റെ പ്രാധാന്യം, കഴിഞ്ഞ വര്‍ഷങ്ങളിലെ വളര്‍ച്ചാനിരക്ക് എന്നിവയാണ് തിരഞ്ഞെടുപ്പിനു പരിഗണിച്ചത്.
പുതിയ ടെര്‍മിനല്‍ കൂടി വരുന്നതോടെ ചെന്നൈ വിമാനത്താവള ടെര്‍മിനലിന്റെ ആകെ വിസ്തീര്‍ണം 3,36,000 ചതുരശ്ര മീറ്ററായി മാറും. നിലവില്‍ ഇത് 1,97,000 ചതുരശ്ര മീറ്ററാണ്. മൂന്നു ടെര്‍മിനലുകളാണിപ്പോള്‍ ചെന്നൈ വിമാനത്താവളത്തിനുള്ളത്. പഴയ ആഭ്യന്തര ടെര്‍മിനലിലാണ് (ടി 2) ഇപ്പോള്‍ കാര്‍ഗോ കൈകാര്യം ചെയ്യന്നത്. ഇതിലും രാജ്യാന്തര ടെര്‍മിനലിലും (ടി 3) ഇപ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്, ഇന്റഗ്രേറ്റഡ് കാര്‍ഗോ കോംപ്ലക്സ്, ചരക്കു വിമാനങ്ങള്‍ക്കുള്ള പ്രത്യേക പാത എന്നിവയെല്ലാം പുതിയ വികസന പദ്ധതിയുടെ ഭാഗമായി വരും. 2026-27 വര്‍ഷത്തെ യാത്രക്കാരുടെ എണ്ണംകൂടി പരിഗണിച്ചുള്ള വികസനത്തിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.