ടൂറിസം സംയോജിപ്പിച്ച് കണ്ണൂരില്‍ സാഹസിക മാസം

കണ്ണൂരിലെ സംസ്ക്കാരവും ചരിത്രവും സമന്വയിപ്പിച്ച് ടൂറിസത്തിനു പ്രാധാന്യം നല്‍കി വേനക്കാല ടൂറിസം പദ്ധതി ഈ മാസം ആറിനു ആരംഭിക്കും. സാഹസിക മാസം (മന്ത് ഓഫ് അഡ്വഞ്ചര്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ  പ്രഖ്യാപനം  മന്ത്രി കെകെ ശൈലജ  പ്രഖ്യാപിച്ചു. നാലു ഞായറാഴ്ചകളിലായി നാലു സാഹസിക പരിപാടികളാണ് സാഹസിക മാസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

സൈക്കിള്‍യജ്ഞം, മാരത്തോണ്‍ ഓട്ടം, നീന്തല്‍, കയാക്കിംഗ് എന്നിവയാണ് സാഹസികര്‍ക്കും കായികപ്രേമികള്‍ക്കുമായി ഒരുക്കുന്നത്. ഈ മാസം 6,13,20,27
തിയ്യതികളിലാണ് സാഹസിക പരിപാടികള്‍ നടക്കുക.

കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ നീളുന്ന സൈക്കിള്‍യജ്ഞത്തോടെയാണ് സാഹസികമാസത്തിന് തുടക്കം കുറിക്കുക. സൈക്കിളുമായി വരുന്ന ആര്‍ക്കും സൈക്കിള്‍സവാരിയില്‍ പങ്കെടുക്കാം. മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്നത്.

രണ്ടാമത്തെ ഞായറാഴ്ച തലശേരി ഹെരിറ്റേജ് മാരത്തോണ്‍ നടക്കും.  10.5 കിലോമീറ്റര്‍ മാരത്തോണ്‍, ചരിത്രത്തെ അടുത്തറിയാനുള്ള ഒരു അവസരം കൂടിയാകും. തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ പൈതൃകസ്മാരകങ്ങള്‍ തൊട്ടറിയാന്‍ പാകത്തില്‍ ‘സെല്‍ഫീ പോയിന്റു’കളും ഇവിടെ ഒരുക്കും.

 

നീന്തൽ പ്രേമികൾക്ക് വേണ്ടിയുള്ള ‘പറശിനി ക്രോസ്’, 20 പറശിനിക്കടവിൽ നടക്കും. 570 മീറ്റര്‍ വീതിയുള്ള ‘പറശിനിക്രോസ്’ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കിയിട്ടുണ്ട്. നീന്തല്‍ പരിശീലനത്തിനുള്ള അവസരവും അന്നേ ദിനം ഉണ്ടാവും.

കയാക്കിംഗ് എന്തെന്ന് അറിയാത്തവര്‍ക്കും, കയാക്കിംഗ് കാണാനും ആസ്വദിക്കുവാനും കൂടിയുള്ള അവസരമാണ് 27നുള്ള അവസാന ഞായറാഴ്ച ഒരുങ്ങുന്നത്. പയ്യന്നൂരിനടുത്തുള്ള കവ്വായിയിലാണ്  കയാക്കിംഗ് നടക്കുക. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ മനോഹരമായ കവ്വായി തടാകപ്രദേശത്തെ ഈ സാഹസിക പരിപാടി, കായികപ്രേമികള്‍ക്ക് തികച്ചും അസുലഭമായ ഒരു അനുഭവം തന്നെയായി മാറും.

ഓരോ ഞായറാഴ്ചയുമുള്ള സാഹസികപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. www.wearekannur.com എന്ന വെബ്‌സൈറ്റിലും രജിസ്‌ട്രേഷന് അവസരമുണ്ട്. സംശയങ്ങള്‍ക്ക് 9645 454500 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.