സൗദിയിലേക്കുള്ള സന്ദർശകവിസ ഫീസില്‍ ഇളവ്
സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുറച്ചതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. നിലവിലുള്ള 2000 റിയാലിന് പകരം 300-350 റിയാലാണ് പുതിയ വിസ സ്റ്റാമ്പിംഗ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായും ഇന്നുമുതല്‍ പുതുക്കിയ തുകയെ വിസയ്ക്കായി ഈടാക്കുകയുള്ളൂ എന്ന് വിവിധ ഏജന്‍സികള്‍ അറിയിച്ചു.
2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസ ഫീസ് കൂട്ടിയത്. മൂന്നു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നു മുതല്‍ 2000 റിയാലായിരുന്നു തുക. കേരളത്തില്‍ നിന്നും സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് കുടുംബ വിസ സ്റ്റാമ്പിങ്ങിന് ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കുന്നത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്.
ആറു മാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3,000 റിയാലാണ്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. പുതിയ നിരക്ക് സംബന്ധിച്ച വ്യക്തത ഇന്ന് വിസതുക അടക്കുമ്പോൾ സ്ഥിരീകരിക്കാനാകുമെന്നും ഏജൻസികള്‍ അറിയിച്ചു.