OBITUARY

ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

ഡിറ്റക്റ്റീവ് കഥകള്‍ക്ക് മലയാള സാഹിത്യത്തില്‍ സ്ഥാനം നല്‍കിയ പ്രശസ്ത എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകൾ രചിച്ചിട്ടുണ്ട്. പുഷ്പനാഥന്‍ പിള്ള എന്നാണ് ശരിയായ പേര്.  അപസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.

ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ എക്കാലത്തും മലയാളികള്‍ക്ക് ഹരമായി നിലനില്‍ക്കുന്നു. കോട്ടയം എംടി സെമിനാരി ഹൈസ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ, കേരളാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അധ്യാപകനായാണ് പുഷ്പനാഥ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുന്നൂറോളം നോവലുകള്‍ എഴുതിയിട്ടുണ്ട്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തര്‍ജമ ചെയ്തു. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്.

കർദ്ദിനാളിന്‍റെ മരണം, നെപ്പോളിയന്‍റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ റോഡ്, ലെവൽ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികൾ. മറിയാമ്മയാണ് ഭാര്യ. അന്തരിച്ച പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ സലിം പുഷ്പനാഥിനെ കൂടാതെ രണ്ടു മക്കൾ കൂടിയുണ്ട്.