News

സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അഥോറിറ്റി ഉടൻ രൂപീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അഥോറിറ്റി ഉടൻ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ അവസാനിപ്പിക്കുന്നതിനും വിനോദസഞ്ചാര മേഖലയുടെ പൊതുവായ മേൽനോട്ടത്തിനുമായാണ് ടൂറിസം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ പഠനം നടത്താൻ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ മന്ത്രി ചുമതലപ്പെടുത്തി.

ജൂലായ് മാസത്തിൽ ഇത് സംബന്ധിച്ച അന്തിമ റിപ്പോർട് സമർപ്പിക്കണമെന്നും നിർദേശിച്ചു. ടൂറിസത്തിന്‍റെ പേരിൽ ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടാകുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം മേഖലയ്‌ക്കെതിരായ നെഗറ്റിവ് ക്യാംപയിൻ സംസ്ഥാനത്തിന്‍റെ സാമ്പത്തികനിലയെ ബാധിക്കുമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.

വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും വളർച്ചാ നിരക്കില്‍ പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായിട്ടില്ല. ഇതില്‍ മാറ്റമുണ്ടാക്കാന്‍ ഊര്‍ജിതമായ കര്‍മ്മപരിപാടി ആവിഷ്കരിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, അഡീഷണൽ  ഡയറക്ടർ ജാഫർ മാലിക്ക് പങ്കെടുത്തു