സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതുമയുമായി കത്താറ
ദോഹ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ വരുന്നു. ഹൈടെക് പ്ലാനറ്റേറിയം, ആഡംബര ഷോപ്പിങ് മാള്‍, കുട്ടികളടക്കമുള്ളവര്‍ക്ക് ഷോപ്പിങ് സൗകര്യങ്ങള്‍ തുടങ്ങിവയാണ് കത്താറ വില്ലേജില്‍ തയ്യാറാകുന്നത്.
ഈ വര്‍ഷം അവസാനപാദത്തില്‍ പ്ലാനറ്റേറിയത്തിന്റെയും വാനനിരീക്ഷണ കേന്ദ്രത്തിന്റെയും പണിപൂര്‍ത്തിയാകും. കടല്‍ കാണാവുന്ന വിധത്തില്‍ 12 വ്യത്യസ്ത കെട്ടിടങ്ങളും പാര്‍ക്കിങ് സ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഭക്ഷണശാലകള്‍, കഫേകള്‍, വായനശാലകള്‍, പ്രദര്‍ശനഹാള്‍, സിനിമാ തിയേറ്റര്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാകും.
പ്ലാനറ്റേറിയം 2240 ചതുരശ്ര മീറ്ററിലാണ് പണിയുക. 200 പേര്‍ക്ക് ഒരേസമയം പ്രദര്‍ശനം കാണാവുന്ന വിധത്തില്‍ ക്രമീകരിച്ച പ്ലാനറ്റേറിയത്തില് നാലു ഇരിപ്പിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കും നാലെണ്ണം മുതിര്‍ന്ന പൗരന്മാര്‍ക്കുമുണ്ടാകും. വ്യത്യസ്ഥ പരിപാടികള്‍ നടത്തുന്നതിനായി കടല്‍ കാണാവുന്നതരത്തില്‍ വിശാലമായ ടെറസ്സാണ് ഒരുങ്ങുന്നത്.
മധ്യപൂര്‍വേഷ്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ ‘ഏവിയന്‍ സ്പാ’ കത്താറ പ്ലാസയിലൊരുക്കുന്നുണ്ട്. കുട്ടികള്‍ക്കായുള്ള മാളുമുണ്ടാകും. ചുവപ്പിലും സ്വര്‍ണനിറത്തിലും പൊതിഞ്ഞ വലിയ രണ്ട് സമ്മാനപ്പൊതികളുടെ രൂപത്തിലാണ് ഇത് ഡിസൈന്‍ ചെയ്യുന്നത്.
മറ്റൊരു ആകര്‍ഷണമായി മാറുന്ന കത്താറ ഹില്‍സ് ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ പദ്ധതിയില്‍ 361500 ചതുരശ്ര മീറ്ററില്‍ പൂന്തോട്ടവും തയ്യാറാക്കും. ഈ സ്വപ്നപദ്ധതി കത്താറയെ ആഗോള സാംസ്കാരിക ടൂറിസം കേന്ദ്രമായി മാറ്റുമെന്ന് ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു.