ഹർത്താലിൽനിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണം: മുഖ്യമന്ത്രി
ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാർഗമാണ് ഹർത്താൽ. ഇത് പലപ്പോഴും ആവശ്യമായി വരും. ഹർത്താലിനെ എതിർക്കുന്നവർ പോലും ഹർത്താൽ നടത്താൻ മുന്നിട്ടിറങ്ങുന്നതും നമ്മൾ കാണുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ വ്യവസായ – വാണിജ്യ മേഖലയിലെ പ്രമുഖരുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച രണ്ടാം മൂന്നാര്‍ ടൂറിസം സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ഈ പ്രസ്ഥാവന.