News

കലക്ടര്‍ ബ്രോയുടെ കന്നി ചിത്രം കാനിലേക്ക്

കലക്ടര്‍ ബ്രോയുടെ കന്നി ചിത്രം ദൈവകണം കാന്‍ ചലച്ചിത്രമേളയിലേക്ക്. ചിത്രം മേളയില്‍
പ്രദര്‍ശിപ്പിക്കുന്ന വിവരം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
തിരക്കഥാ രചനയിലൂടെ സിനിമ മേഖലയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ സ്വതന്ത്ര സംവിധാന സംരംഭമാണ് ദൈവകണം. ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വന്നിരിന്നു.

കോഴിക്കോട് കലക്ടര്‍ പദവിയില്‍ നിന്ന് മാറിയതിന് ശേഷമുള്ള 10 മാസത്തെ ഇടവേളയിലാണ് സിനിമ എന്ന മാധ്യമത്തിലേക്ക് അദ്ദേഹം കടന്നത്. അജയ് ദേവലോക സംവിധാനം ചെയ്ത ‘WHO’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം ചുവട് വെച്ചിരുന്നു.

കൈയ്യില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പച്ച കുത്തിയ തെയ്യം കലാകാരന്‍ ബീഡിയ്ക്ക് തീക്കൊളുത്തുന്ന രംഗത്തിലൂടെ ആരംഭിക്കുന്ന ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. ദൈവകണമെന്നാല്‍ ദൈവത്തിന്റെ അംശം എന്നാണ്. തിറ കെട്ടിയാടുന്ന തെയ്യം മലബാറിന്റെ ദൈവമാണ് . ഭൂതവും, ഭാവിയും പ്രവചിക്കുവാന്‍ കഴിവുള്ള ദൈവം സമയത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

ഏപ്രിൽ 30 കഴിയുകേം ചെയ്തു, മെയ്‌ 1 ആയിട്ടുമില്ല… വല്ലാത്ത സമയത്താണ്‌ നമ്മുടെ കഥ നടക്കുന്നത്‌. എന്നാലിക്കഥ എല്ലാ സമയത്തും നടക്കുന്നുണ്ട്‌ എന്നതാ സത്യം. എല്ലായ്പ്പോഴും എല്ലാവരുടെ മനസ്സിലും.

സത്യം പറഞ്ഞാ, സമയമൊക്കെ ഒരു തമാശയല്ലേ ചേട്ടാ? ക്ലോക്കിലല്ലല്ലോ മനസ്സിലല്ലേ സമയം. അപ്പൊ, അഡ്വാൻസ്‌ മെയ്ദിനാശംസകൾ. എന്ന് എഴുതി ചേര്‍ത്ത് കൊണ്ടാണ് അദ്ദേഹം തന്റെ കന്നി ചിത്രത്തിന്റെ ട്രെയിലര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

കാണുന്നത് മാത്രമല്ല കഥ കഥയ്ക്കുള്ളിലെ അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് യഥാര്‍ഥ കഥ നടക്കുന്നത്. തന്റെ ചിത്രം ഇത്രയും വലിയൊരു വേദിയില്‍ ആദ്യ പ്രദര്‍ശനത്തിന് ഒരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം