Kerala

വെടിക്കെട്ടിന് ഇടവേള: ക്രിസ് ഗെയ്ല്‍ കൊല്ലത്ത്

ഐപിഎല്ലിലെ വെടിക്കെട്ടിന്‍റെ ചൂടില്‍ നിന്നും തല്‍ക്കാലം അവധിയെടുത്ത് ക്രിസ് ഗെയ്ല്‍ പൊങ്ങിയത് ഇങ്ങ് കൊല്ലത്തെ കായല്‍ തീരത്ത്‌. ഭാര്യ നതാഷ ബെറിജിനും മകള്‍ ക്രിസ് അലീനയ്ക്കും ഒപ്പമാണ് ലോക ക്രിക്കറ്റിലെ മിന്നും താരം കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. കായല്‍ സവാരിയും ആയുര്‍വേദ ചികിത്സയുമാണ് ഗെയിലിന്‍റെ ലക്ഷ്യം.

ഇന്നലെ രാവിലെ കൊല്ലത്തെത്തിയ ഗെയിലും കുടുംബവും റാവിസ് ഹോട്ടല്‍ മുതല്‍ മണ്‍റോതുരുത്ത് വരെ അഷ്ടമുടി കായലില്‍ സവാരി നടത്തി. ദിവസം മുഴുവന്‍ വഞ്ചിവീട്ടില്‍ ചിലവഴിച്ചു. അഷ്ടമുടിയിലേയും മണ്‍റോതുരുത്തിലേയും കാഴ്ചകള്‍ക്കപ്പുറം ഗെയിലിന്‍റെ മനസ്സിലും നാവിലും വെടിക്കെട്ട്‌ തീര്‍ത്തത് കേരളത്തിലെ തനതു രുചികളാണ്. റാവിസ് ഗ്രൂപ്പ് കോര്‍പറേറ്റ് ഷെഫ് സുരേഷ്പിള്ളയാണ് ഗെയിലിന് ഭക്ഷണമൊരുക്കിയത്.

ചക്ക, കരിമീന്‍, മാമ്പഴം, കണവ, കൊഞ്ച് തുടങ്ങിയ രുചികള്‍ ഗെയിലും കുടുംബവും നന്നേ ആസ്വദിച്ചു. വഞ്ചിവീട് യാത്രയ്ക്കിടെ അല്‍പ്പനേരം മല്‍സ്യബന്ധനത്തൊഴിലാളികളുടെ കൂടെ ചെലവഴിച്ചു. സെല്‍ഫിയെടുത്ത് പിരിഞ്ഞു. ഐപിഎല്ലില്‍ പന്ത്രണ്ട് സിക്സുകള്‍ കൂടി അടിച്ചാല്‍ ഗെയ്​ലിന് സിക്സുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാം. ഈ നേട്ടത്തിന് ആശംസ അറിയിച്ചുകൊണ്ട് പന്ത്രണ്ട് കരിമീന്‍, പന്ത്രണ്ട് കൊഞ്ച് എന്നീ ക്രമത്തിലാണ് അദ്ദേഹത്തിന് ഭക്ഷണം ഒരുക്കിയത്.

ആയുര്‍വേദ ചികിത്സയ്ക്കു വേണ്ടി മൂന്നു ദിവസം കൂടി ഗെയിലും കുടുംബവും കൊല്ലത്തുണ്ടാകും. കായല്‍ കാഴ്ചയും രുചിയും നിറച്ച മനസ്സുമായി മൂന്നാം തിയ്യതി ഗെയില്‍ ഇന്‍ഡോറില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.