വായനക്കാരെ തേടിയെത്തുന്ന പുസ്തകശാല
വായന ഇഷ്ടമല്ലാത്തവര്‍ ആരുണ്ട് ഈ ലോകത്ത്? എന്നാലോ തിരക്ക് മൂലം വായനശാലയില്‍ പോയി പുസ്തകം എടുക്കാന്‍ പോലും ആര്‍ക്കും ഇപ്പോള്‍ നേരമില്ല. എന്നാല്‍ ജോര്‍ദാനില്‍ കാര്യങ്ങള്‍ ഈ പറയും പോലെയൊന്നുമല്ല.
വായിക്കാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ ജോര്‍ദാനില്‍ വായനശാല തന്നെ അവരെ തേടിയെത്തുന്ന തരത്തില്‍ സഞ്ചരിക്കുന്ന ലൈബ്രറിക്ക് രൂപം നല്‍കിയിരിക്കുകയാണ്.
ജോര്‍ഡദാനിലെ മദബ തെരുവില്‍ ഗെയിത്ത് എന്ന ഇരുപത്തിയേഴുകാരന് കാറിനകത്തും ഡിക്കിയിലും നിറയെ പുസ്തകങ്ങളുമായി ബുക്സ് ഓണ്‍ റോഡ് എന്ന പേരിലുള്ള സഞ്ചരിക്കുന്ന പുസ്തകശാല തെരുവിലെത്തുമ്പോള്‍ വായനക്കാര്‍ മാത്രമല്ല അല്ലാത്തവരും കാറിനെ പൊതിയുന്ന കാഴ്ച്ചയാണ് മദബയില്‍ ഇപ്പോള്‍ കാണുന്നത്.
സാഹിത്യത്തോടും വായനയോടുമുള്ള ഗെയിത്തിന്റെ അടങ്ങാത്ത പ്രണയമാണ് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്ന ഈ വേറിട്ട രീതിക്ക് പിന്നില്‍. കോര്‍പറേറ്റ് രംഗത്ത് വലിയ ശമ്പളമുള്ള ജോലി വേണ്ടെന്നുവെക്കാന്‍ പ്രചോദനമായതും അക്ഷരങ്ങളോടുള്ള അഭിനിവേശം തന്നെ.
2015ല്‍ ജോലി ഉപേക്ഷിച്ച് കവോണ്‍ എന്ന പേരില്‍ ഒരു പുസ്തകശാലയാണ് ഗെയിത്ത് ആദ്യം തുടങ്ങിയത്. എന്നാല്‍, സാമ്പത്തികബാധ്യത വെല്ലുവിളിയായതോടെ പുസ്തകശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
അപ്പോഴും വായനയെന്ന ലഹരി കൈയൊഴിയാന്‍ ഈ യുവാവ് തയ്യാറായില്ല. ഇനി എന്ത് എന്ന ഗെയിത്തിന്റെ ചിന്തയാണ്. പുസ്തകശാല സഞ്ചരിക്കുന്ന ലൈബ്രറിയായി രൂപമാറ്റം സംഭവിച്ചതിന് പിന്നില്‍.
കൈയിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ സ്വന്തം കാറിലേക്ക് മാറ്റേണ്ട താമസമേയുണ്ടായിരുന്നുള്ളൂ പിന്നിടെന്ന് ഗെയിത്ത് പറയുന്നു. ജോര്‍ദാനിലെ ഗ്രാമപ്രദേശങ്ങളിലും ബുക്സ് ഓണ്‍ റോഡ് പദ്ധതി വ്യാപിപ്പിക്കാനുള്ള പ്രയത്നത്തിലാണ് ഈ സാഹിത്യ കുതുകിയായ യുവാവ്.