പ്രണയകുടീരത്തിന്റെ നടത്തിപ്പും സ്വകാര്യമേഖലയ്ക്ക്
ചെങ്കോട്ടയുടെ നടത്തിപ്പവകാശം സ്വകാര്യ കോര്‍പറേറ്റ് ഗ്രൂപ്പായ ഡാല്‍മിയ ഭാരത് ലിമിറ്റഡിന് കൈമാറിയതിനു പിന്നാലെ രാജ്യത്തെ 95 ചരിത്ര സ്മാരകങ്ങള്‍കൂടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു. താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ ഏറ്റെടുക്കാന്‍ ജിഎംആര്‍ സ്പോര്‍ട്സ്, സിഗരറ്റ് നിര്‍മാതാക്കളായ ഐടിസി തുടങ്ങിയ കമ്പനികളാണ് രംഗത്തുള്ളത്.
ചരിത്രസ്മാരകങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഏറ്റെടുക്കാന്‍ സ്വകാര്യഗ്രൂപ്പുകള്‍ ഉള്‍പ്പെടെ 31 ഏജന്‍സികള്‍ക്കാണ് ടൂറിസം മന്ത്രാലയം അംഗീകാരം നല്‍കിയിത്. പൈതൃകസ്മാരകം ദത്തെടുക്കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വില്‍പ്പന നീക്കം.
താജ്മഹല്‍, രാജസ്ഥാനിലെ ചിത്തോര്‍ഗഡ് കോട്ട, ഡല്‍ഹിയിലെ മൊഹറോളി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, ഗോള്‍ ഗുംബാദ് തുടങ്ങി 95 സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് പട്ടികയില്‍.
ജിഎംആര്‍ സ്പോര്‍ട്സ് താല്‍പ്പര്യം അറിയിച്ചപ്പോള്‍ ഏറ്റെടുക്കാവുന്നവയില്‍ താജ്മഹല്‍ ഇല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി. എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ താജ്മഹല്‍ ഉള്‍പ്പെടെ 10 പ്രധാന സ്മാരകങ്ങള്‍കൂടി പൈതൃക സ്മാരകം ദത്തെടുക്കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ടൂറിസം സാംസ്കാരിക മന്ത്രാലയങ്ങള്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുമായി ഒപ്പിട്ട കരാര്‍പ്രകാരം ചെങ്കോട്ടയ്ക്കൊപ്പം ആന്ധ്രപ്രദേശിലെ ഗണ്ഡിക്കോട്ട കോട്ടയുടെ പരിപാലനവും ഡാല്‍മിയ ഗ്രൂപ്പ് സ്വന്തമാക്കി.
ലഡാക്കിലെ മൗണ്ട് സ്റ്റോക് കാന്‍ഗ്രിയുടെ ചുമതല അഡ്വെഞ്ചര്‍ ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (എടിഒഎഐ)യും ജമ്മു കശ്മീര്‍ സര്‍ക്കാരും ചേര്‍ന്ന് സ്വന്തമാക്കി. ഉത്തരാഖണ്ഡിലെ ഗോമുഖിന്റെ പരിപാലനം സര്‍ക്കാരും എടിഒഎഐയും ചേര്‍ന്നാണ് നേടിയത്.
ചരിത്രസ്മാരകങ്ങളുടെ വികസനവും പരിപാലനവുമാണ് സ്വകാര്യകമ്പനികളുടെ ചുമതല. സാമ്പത്തികലാഭം ലക്ഷ്യംവച്ചുള്ള പദ്ധതിയല്ല ഇതെന്ന് ടൂറിസം മന്ത്രാലയം പറഞ്ഞു.