പെരുമഴയിലും നനയാതെ നടക്കാം ഷാര്‍ജയില്‍

ഇരമ്പി ആര്‍ത്ത പെയ്യുന്ന മഴയില്‍ നനയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ഇനി കൊതി തീരുവോളം നടക്കാം. അതിനുള്ള അവസരമാണ് ഷാര്‍ജ അല്‍ ബുഹൈറ കോര്‍ണിഷിലെ അല്‍ മജറയില്‍ ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ ഒരുങ്ങിയിരിക്കുന്നത്.

റെയിന്‍ റൂം എന്നറിയപ്പെടുന്ന ഈ ഇന്‍സ്റ്റലേഷന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
ഉദ്ഘാടനം  നിര്‍വഹിച്ചു.

ലണ്ടന്‍ ആസ്ഥാനമായുള്ള കലാകാരന്‍മാരുടെ കൂട്ടായ്മയായ റാന്‍ഡം ഇന്റര്‍നാഷണല്‍ ആണ് ഇതിന്റെ ശില്‍പ്പികള്‍. മധ്യപ്പൂര്‍വദേശത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. മുറിയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ മഴയുടെ ഇരമ്പല്‍ കേള്‍ക്കാം.

പിന്നെ നൂലിഴകളായി പെയ്ത് തുടങ്ങുന്ന മഴ, തുള്ളിക്കൊരു കുടം കണക്കെ പെയ്യുകയായി. എന്നാല്‍ മഴമുറിക്കുള്ളിലൂടെ നടക്കുന്നവരുടെ ദേഹത്ത് ഒരു തുള്ളി പോലും വീഴില്ല.

മഴമുറിയില്‍ എത്തിയാല്‍ ആടാം പാടാം സെല്‍ഫിയെടുക്കാം. ആകാശം നോക്കാം മഴതുള്ളികള്‍ക്കുള്ളികള്‍ കാണാം. പെയ്യുമെന്നല്ലാതെ ദേഹം നനയില്ല.
തലയ്ക്ക് മുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

മഴമുറിയില്‍ എത്തുന്നവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവ അതിന്റെ ത്രീഡി മാപ്പ് കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ തയ്യാറാക്കും. അതിന് അനുസരിച്ച് മഴവെള്ളം വീഴുന്ന പാനലുകളിലെ യന്ത്രസംവിധാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. അതോടെ താഴെ മനുഷ്യസാന്നിധ്യമുള്ള ഭാഗത്തേക്കുള്ള മഴത്തുള്ളികളുടെ വരവ് നിലയ്ക്കും. സന്ദര്‍ശകര്‍ മാറുന്നതിന് അനുസരിച്ച് ആ ഭാഗത്തേക്ക് മഴ മാറും.

താഴേക്ക് പതിക്കുന്ന വെള്ളം പാഴാക്കാതെ ശുദ്ധീകരിച്ചാണ് വീണ്ടും മഴയായി പെയ്യുന്നത്. പ്രകൃതിയിലെ പെരുമഴ നനയാനുള്ള അവസരത്തോടൊപ്പം വെള്ളം സംരക്ഷിക്കുക എന്ന കടമ കൂടി ഇന്‍സ്റ്റലേഷന്‍ നിര്‍വ്വഹിക്കുന്നു. ഉദ്ഘാടന ശേഷം മഴമുറിയിലെത്തിയ സാംസ്‌കാരിക ലോകത്തെ സുല്‍ത്താന്‍ ഏറെ നേരം മഴ ആസ്വദിച്ച ശേഷമാണ് പുറത്തിറങ്ങിയത്.

മഴമുറിയില്‍ തിക്കിതിരക്കി കയറുവാന്‍ പറ്റില്ല. പരിധി വിട്ട് സന്ദര്‍ശകര്‍ അകത്ത് കയറിയാല്‍ കാമറകളുടെ നിയന്ത്രണം തെറ്റും. സിഗ്നല്‍ സംവിധാനത്തിന് ഉള്‍കൊള്ളാന്‍ സാധിക്കുന്നത്ര സന്ദര്‍ശകരെ മാത്രമെ അകത്തേക്ക് കയറ്റി വിടൂ പൊതുജനങ്ങള്‍ക്ക് എന്ന് മുതല്‍ അനുമതി ലഭിക്കും, എത്രയാണ് നിരക്ക് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.