Food

വഴിയോര ഭക്ഷണം കഴിക്കാം പേടിക്കാതെ

മുംബൈ നഗരത്തിലെ വഴിയോര ഭക്ഷണശാലകളില്‍ ‘വൃത്തിയും വെടിപ്പും’ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി സെര്‍വ് സെയ്ഫ് ഫുഡ് എന്ന പേരില്‍ ബോധവല്‍കരണ പരിപാടിയുമായി നെസ്ലെ ഇന്ത്യ. ശുചിത്വമുള്ള ഭക്ഷണം എന്ന സന്ദേശവുമായി നാഷനല്‍ അസോസിയേഷന്‍ ഓഫ് സ്ട്രീറ്റ് വെന്‍ഡേഴ്‌സ്, ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വഴിയോര ഭക്ഷണശാലകളിലെ ശുചിത്വവും മെച്ചപ്പെടുത്തുന്നതു വഴി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക, കൂടുതല്‍ കച്ചവടവും വരുമാനവും കടയുടമകള്‍ക്ക് ഉറപ്പാക്കുക എന്നതാണ് ‘സെര്‍വ് സെയ്ഫ് ഫുഡ്’ പദ്ധതിയുടെ ലക്ഷ്യം.

പാചകത്തിന് എണ്ണയുടെ ഉപയോഗം കുറയ്ക്കുക, ഉപയോഗിച്ച എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക, ശുദ്ധജലത്തിന്റെ ലഭ്യതയും ഉപയോഗവും ഉറപ്പാക്കുക, കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക, ഭക്ഷണശാലകളിലെ ജീവനക്കാര്‍ കയ്യുറയും തൊപ്പിയും ഉപയോഗിക്കുക എന്നിവയാണ് ബോധവല്‍കരണ പരിപാടിയിലൂടെ വഴിയോര കച്ചവടക്കാര്‍ക്കു പ്രധാനമായും പകര്‍ന്നു നല്‍കുന്ന വിവരങ്ങള്‍.

പ്രത്യേകം തയാറാക്കിയ ബസുകളില്‍ എത്തുന്ന സംഘം ഇതുസംബന്ധിച്ച ക്ലാസും അവതരണവും ഓരോ മേഖല കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. ചെറിയ ശ്രദ്ധകൊണ്ട് ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്താമെന്നും ഉപഭോക്താവിന് തൃപ്തി നല്‍കാമെന്നും അതുവഴി ഭക്ഷണം കഴിക്കുന്നവരുടെ ആരോഗ്യത്തിനു കോട്ടമുണ്ടാകാതെ നോക്കാമെന്നും ‘സെര്‍വ് സെയ്ഫ് ഫുഡ്’ പ്രവര്‍ത്തകര്‍ പറയുന്നു. മഹാരാഷ്ട്രയില്‍ മൂവായിരത്തിലധികം വഴിയോര കച്ചവടക്കാര്‍ക്കിടെ ബോധവല്‍കരണ സന്ദേശമെത്തിക്കാനാണ് ഇവരുടെ പദ്ധതി.