ബീച്ചിനഹള്ളി; കബനിയുടെ ജലസംഭരണി
കേരളത്തിലെ കിഴക്കിന്റെ ദിശതേടി പോകുന്ന മൂന്ന് നദികളിലൊന്നായ കബനിയാണ് കന്നഡനാടിന്റെ വരദാനം. മഴക്കാലത്ത് ജീവന് വിണ്ടെടുത്ത് കുതിച്ചെത്തുന്ന കബനിയുടെ ഓളങ്ങള്‍ മഴയില്ലാത്ത കര്‍ണ്ണാടക ഗ്രാമങ്ങളില്‍ വര്‍ഷം മുഴവന്‍ നനവെത്തിക്കുന്നു. അക്കരെയുള്ള ബീച്ചിനഹള്ളി എന്ന കൂറ്റന്‍ ജലസംഭരണിയില്‍ ഇവയെല്ലാം ശേഖരിച്ചുവെക്കുന്നു. കബനിക്കരയില്‍ വേനല്‍ക്കാലം വറുതിയുടെതാണ്.
വിശാലമായ നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും തീരത്തായി പരന്നു കിടക്കുന്നുണ്ടെങ്കിലും വെള്ളമില്ലെന്ന ഒറ്റക്കാരണത്താല്‍ ഇവയെല്ലാം തരിശായിക്കിടക്കുന്നു. കബനികടന്ന് ബൈരക്കുപ്പയിലെത്തിമ്പോള്‍ ഭൂമി ചുട്ടുപൊളളുന്നു. കാട് കടന്ന് അടുത്ത ഗ്രാമത്തിലെത്തുമ്പോള്‍ നോക്കെത്താ ദൂരത്തോളം ഇഞ്ചിപ്പാടം. മരത്തിന്റെ തണലില്ലാത്ത കന്നഡ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമമില്ലാതെ ജോലിയെടുക്കുന്നു.
ഞാന്‍ അവിടെത്തുമ്പോള്‍ ഇഞ്ചി കൃഷി വിത്തിറക്കലിന്റെയും പച്ചക്കറിയുടെ വിളവെടുപ്പിന്റെയും സമയമാണ്. അതിരാവിലെ മുതല്‍ നേരമിരുട്ടുന്നതുവര തൊഴിലാളികള്‍ കൃഷിയിടത്തിലുണ്ട്. കബനിയിലൂടെ ഒരു മഴക്കാലം മുഴുവന്‍ ഒഴുകി എത്തിയ ജല ശേഖരം ഇവരുടെ ഗ്രാമങ്ങളെ കുളിരണിയിക്കുന്നു. ബീച്ചിനഹള്ളി അണക്കെട്ടിന്റെ വിശാലമായ കൈവഴികളിലെല്ലാം ഈ വേനല്‍ക്കാലത്തും നിറയെ വെളളമുണ്ട്.
ചിലയിടങ്ങളില്‍ ജലനിരപ്പ് താഴ്ന്നെങ്കിലും അഞ്ചുവര്‍ഷം ഉപയോഗിക്കാനുള്ള വെള്ളം സംഭരണിയിലുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ‘അതാ അവിടെ കാണുന്ന സംഭരണിയാണ് ഞങ്ങളുടെ ആശ്രയം’, ബീച്ചനഹള്ളി അണക്കെട്ടിന്റെ അനേകം തടാകത്തിലേക്ക് ഒന്നിലേക്ക് ചൂണ്ടി ഗ്രാമവാസി നാഗന് പറഞ്ഞു. ജലാശയത്തിന്റെ കരയിലെത്തിയപ്പോള്‍ വര്‍ഷങ്ങളായുള്ള കടത്തുതോണിക്കാരന്‍ പുട്ടണ്ണ അവിടെതന്നെയുണ്ട്. കൂട്ടം കൂട്ടമായെത്തുന്ന ഗ്രാമവാസികളെ മറുകര കടത്തലാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജോലി.
പുട്ടണ്ണ പറയും ഓരോ മഴക്കാലത്തും ഇങ്ങ് വയനാട്ടില്‍ വരെ പെയ്ത മഴയുടെ കണക്ക്. കാറ്റിനെ ചെറുത്ത് ഓളങ്ങളെ കീറിമുറിച്ച് കൊട്ടത്തോണി അക്കരെയെത്തുമ്പോള് മീന്‍ വില്ക്കുന്നവരുടെ ബഹളം. ഡാമില്‍ നിന്നും പിടിച്ചെടുത്ത മത്സ്യങ്ങള്‍ക്ക് നന്നെ വിലക്കുറവ്. അണക്കെട്ടിന്റെ തീരത്ത് കാട്ടാനകളുടെ വലിയ കൂട്ടങ്ങളുണ്ട്. പകല്‍ മുഴുവന്‍ ഉഷ്ണം അകറ്റാന്‍ വെള്ളത്തിലിറങ്ങി നീന്തുന്ന കാട്ടാനകളെ കാണണമെങ്കില്‍ ഇവിടെ തന്നെ വരണം.