News

കുറുവാ ദ്വീപില്‍ ചങ്ങാട സവാരി തുടങ്ങി

കുറുവ ദ്വീപ് ചുറ്റിക്കാണാന്‍ സഞ്ചാരികള്‍ക്ക് ചങ്ങാട സവാരി ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളാല്‍ ദുരിതത്തിലായ സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ സവാരി. കുറുവയുടെ സൗന്ദര്യം പുറമെ നിന്നെങ്കിലും നുകരുക എന്ന ലക്ഷ്യത്തോടെയാണ് ഡിടിപിസിയുടെ പ്രവേശന കവാടത്തില്‍ ചങ്ങാട സവാരി ഒരുക്കിയിരിക്കുന്നത്.

ദ്വീപിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും കാലം ചങ്ങാടം ഉപയോഗിച്ചിരുന്നത് ഇതേ ചങ്ങാടം ഉപയോഗിച്ച് തന്നെയാണ് പുഴയിലൂടെ അര മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സവാരി ഒരുക്കിയിരിക്കുന്നത്.

ദ്വീപിലേക്ക് ചങ്ങാടത്തിന് ഈടാക്കുന്ന 30 രൂപയാണ് സവാരിക്കും ഈടാക്കുന്നത്. ദ്വീപിനോട് ചേര്‍ന്ന് ചങ്ങാടം നിര്‍ത്തിയിട്ട് കുറുവയെ ആസ്വദിക്കാനും ഫോട്ടോയെടുക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

20നും 25നും ഇടയില്‍ ആളുകള്‍ക്കാണ് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുക. രാവിലെ 9 മുതല്‍ 4.30 വരെ സവാരി നടത്താം. പുതിയ സംവിധാനം വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമാണ്. പുഴയില്‍ ചങ്ങാടത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവം നല്‍കും.

ചങ്ങാട സവാരിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ഹരി ചാലിഗദ്ധ, ഡിടിപിസി സെക്രട്ടറി ബി ആനന്ദ്, മാനേജര്‍ വി ജെ ഷിജു, സണ്ണി ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. 247 പേര്‍ ആദ്യദിനത്തില്‍ സവാരി ചെയ്തു

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിത്യേന നിരവധി വിനോദസഞ്ചാരികള്‍ നിരാശയയൊടെ മടങ്ങി പോവുന്ന സാഹചര്യത്തിലാണ് ഒ ആര്‍ കേളു എംഎല്‍എയും ഡിടിപിസിയും മുന്‍കൈയെടുത്ത് പുതിയ രീതിയില്‍ ചങ്ങാട സവാരി തുടങ്ങിയത്.

ഇരു പ്രവേശന കവാടങ്ങളിലൂടെയും 400 പേര്‍ക്ക് മാത്രമെ ദ്വീപില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നുള്ളൂ. ദ്വീപില്‍ എത്തുന്ന അന്യസംസ്ഥാന സഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരകണക്കിനാളുകളാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ കഴിയാതെ മടങ്ങിയിരുന്നത്. നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തിയിരുന്നു