പുത്തന്‍ പദ്ധതികളുമായി വാഗമണ്ണില്‍ ഡി ടി പി സി
വിനോദസഞ്ചാരികളുടെ പറുദീസയായ വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി പുതിയ പദ്ധതികള്‍ ഒരുങ്ങുന്നു. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടതാവളമായ വാഗമണ്ണിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ (ഡിടിപിസി) നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ക്കു തുടക്കമിടുന്നത്.
മൊട്ടക്കുന്ന് നവീകരണം, വഴിയോര വിശ്രമകേന്ദ്രം, ഹെറിറ്റേജ് ബില്‍ഡിങ് എന്നിവയാണ് ഡിടിപിസിയുടെ മേല്‍നോട്ടത്തില്‍ മേയ് ആദ്യവാരത്തോടെ നിര്‍മാണം തുടങ്ങുന്ന പദ്ധതികള്‍.
പുതിയ വിനോദസഞ്ചാര സീസണില്‍ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കാനാണ് ഡിടിപിസിയുടെ തീരുമാനം.
ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നാണ് വാഗമണ്‍. ഊഷ്മളമായ കാലാവസ്ഥ തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ വാഗമണ്ണില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റും സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു.
സൈക്ലിങ്, ട്രെക്കിങ്, റോക്ക് ക്ലൈംപിങ് എന്നിവയ്ക്കുള്ള സൗകര്യംകൂടി വാഗമണ്ണില്‍ സജ്ജമായതോടെ ഇവിടേക്ക് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.