വാട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും ശേഖരിച്ചുവെച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം
ഫെയ്‌സ്ബുക്കിന് പിന്നാലെ വാട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ചുവെച്ച വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാൻ അവസരമൊരുക്കുന്നു. യൂറോപ്യന്‍ യൂണിയന്‍റെ ജിഡിപിആര്‍ നിയമം മേയ് 25ന് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഈ നീക്കം.
ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഈ സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും വാട്‌സ്ആപ്പില്‍ ബീറ്റാ ആപ്ലിക്കേഷനില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. എന്നാല്‍ അധികം വൈകാതെ തന്നെ വാട്‌സ്ആപ്പിന്‍റെ പ്രധാന ആപ്ലിക്കേഷനിലും ഈ സൗകര്യം ലഭ്യമാവും. ഇന്‍സ്റ്റാഗ്രാമില്‍ ഇതിനായി പ്രത്യേകം ലിങ്ക് നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാമിലെ പ്രൈവസി സെറ്റിങ്‌സ് വഴിയും ഇന്‍സ്റ്റാഗ്രാം ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ഇതുവഴി ചിത്രങ്ങള്‍, വീഡിയോകള്‍, ആര്‍ക്കൈവ് ചെയ്ത സ്‌റ്റോറികള്‍, പ്രൊഫൈല്‍, അക്കൗണ്ട് വിവരങ്ങള്‍, കമന്റുകള്‍ ഡയറക്ട് മെസേജസ് എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡൗണ്‍ലോഡ് റിക്വസ്റ്റ് നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കും. ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ് ഈ ലിങ്ക് പ്രവര്‍ത്തിക്കുക.
ഫെയ്‌സ്ബുക്കില്‍ ജനറല്‍ സെറ്റിങ്‌സില്‍ പ്രൊഫൈല്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ട വിവരങ്ങള്‍ ഏതെല്ലാമാണെന്ന് തിരഞ്ഞെടുക്കുക. ഫയല്‍ ക്രിയേറ്റ് ചെയ്യുക. കുറച്ചുസമയം കഴിഞ്ഞാല്‍ മുഴുവന്‍ വിവരങ്ങളും അടങ്ങുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വാട്‌സ്ആപ്പിലെ അക്കൗണ്ട് സെറ്റിങ്‌സില്‍ റിക്വസ്റ്റ് അക്കൗണ്ട് ഇന്‍ഫോ എന്ന പുതിയ ഓപ്ഷന്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ഇതുവഴി വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.