ബിയാസിലെ റാഫ്റ്റിംഗ് അനുഭവം; പാറക്കെട്ടിലെ വഞ്ചി തുഴയല്‍

കുത്തിയൊലിച്ചു  പാറക്കെട്ടുകള്‍ക്കു മീതെ പായുന്ന നദിയില്‍ റാഫ്റ്റിംഗ് അതിസാഹസികമാണ്. കുളു-മണാലിയിലെ ബിയാസ് നദിയില്‍ റാഫ്റ്റിംഗ് നടത്തിയ അനുഭവം വിവരിക്കുന്നു ന്യൂസ് 18 മലപ്പുറം പ്രതിനിധി സുര്‍ജിത്ത് അയ്യപ്പത്ത്. ചിത്രങ്ങള്‍ ; ഷരീഫ് തിരുന്നാവായ 

ചിത്രം: ഷരീഫ് തിരുന്നാവായ

റിവർ റാഫ്റ്റിംഗ് ഉൻമാദമാണ് എന്ന് പറഞ്ഞത് അനിയനാണ്. അവൻ ദില്ലി മുതൽ കശ്മീർ വരെ നടത്തിയ ബുള്ളറ്റ് യാത്രയിൽ കുളുവിലൂടെ ഒഴുകുന്ന ബിയാസ് നദിയിലെ അനുഭവം പറഞ്ഞപ്പോൾ ഉൾത്തുടിപ്പായിരുന്നു. ഞങ്ങൾ മലപ്പുറത്തു നിന്നുള്ള 36 അംഗ യാത്രാസംഘം മനാലിയിൽ നിന്നും കുളു താഴ്വരയിലേക്കെത്തി. കയറ്റിറക്കങ്ങളും വീഴാൻ വെമ്പി നിൽക്കുന്ന കൂറ്റൻ പാറകളും ചെളിക്കുളങ്ങളും നിറഞ്ഞ പാതയിലൂടെ നിരങ്ങിയും ഒഴുകിയും കുതിച്ചുമാണ് ഞങ്ങളുടെ ബസ് കുളുവിലെത്തിയത്. അകലങ്ങളിലെ മഞ്ഞുമലകളും ദേവതാരു വൃക്ഷങ്ങളും ഞങ്ങളെ അഭിവാദ്യം ചെയ്തേയിരുന്നു. ഓരോ ഹിമാലയ യാത്രയിലും ഒരു നദീ സാന്നിധ്യം അനുഭവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ അളകനന്ദയും ഭാഗീരഥിയും ആണെങ്കിൽ വടക്കൻ സിക്കിം യാത്രയിൽ അത് തീസ്ത നദിയായിരുന്നു. മണാലിയിൽ നിന്നും കുളു വാലിയിൽ പാതക്ക് സമാന്തരമായി ഇരമ്പിയാർത്തൊഴുകുന്ന ബിയാസ്. വെളുത്ത നിറമായിരുന്നു പുഴക്ക്. മഞ്ഞുരുകി ചേർന്ന ശീത പ്രവാഹം.

കുളുവിൽ ഭക്ഷണശേഷം റാഫ്റ്റിംഗ് ഉറപ്പിച്ചു. പ്രതീക്ഷിച്ചവരിൽ പലരും പിൻവാങ്ങി. ആറ് പേർ വേണം. സുഹൃത്ത് അഫ്താബും ഞാനും മാത്രം താൽപര്യപൂർവ്വം നിന്നു. പിന്നെ നിസാർ വന്നു. സലീം വന്നു. ഒടുവിൽ ഷെമീമും ഷാനവാസിക്കയും ചേർന്നപ്പോൾ കളം നിറഞ്ഞു. 9 കിലോമീറ്റർ റാഫ്റ്റിങ്ങിന് 700 രൂപ തലയൊന്നിന് നൽകണം. വിലപേശലിൽ അത് നാനൂറാക്കി കുറഞ്ഞു കിട്ടി.

ആവേശത്തോടെ….അതിസാഹസികം…

റാഫ്ടിംഗ് ഏരിയയിലേക്ക് നീങ്ങി. നിരവധി പേർ അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു. ഒന്നിന് പിറകെ ഒന്നായി വായു നിറച്ച തോണികളിൽ ഇരുന്ന് തുഴയെറിഞ്ഞ് ആരവങ്ങളോടെ ഒഴുകി നീങ്ങുന്നവരെ പുഴയിൽ കണ്ടപ്പോൾ അടങ്ങാത്ത ആവേശം തോന്നി. ഒടുവിൽ ഞങ്ങൾക്കുള്ള തോണി ജീപ്പിന് മുകളിലേറി അവിടെ എത്തി. ഇൻസ്ട്രക്ടർ താഴെയിറങ്ങി. നാല് പേർ ചേർന്ന് തോണി കരയിൽ നിന്നും പുഴയിലിറക്കി. ഞങ്ങൾ ജാക്കറ്റും ഹെൽമറ്റും ധരിച്ച് തയ്യാറായി. തോണി തുഴയാനുള്ള നാല് തുഴകൾ ലഭിച്ചു. ഇൻസ്ട്രക്ടർ പുറകിലുണ്ടാകും. ഇരിക്കാനും തുഴയാനുമുള്ള പൊസിഷനുകളെ കുറിച്ച് അവർ വിവരിച്ചു തന്നു. ഞങ്ങൾ ഓരോരുത്തരായി തോണിയിൽ കയറി.

കൂറ്റൻ പാറകളിൽ തട്ടിത്തെറിച്ച് മദം പൊട്ടിയൊഴുകുന്ന ബിയാസ് നദി. റാഫ്റ്റിംഗ് തുടങ്ങുകയാണ്. തുഴയാനുള്ള നിർദ്ദേശവും തുഴച്ചിൽ നിർത്താനുള്ള നിർദ്ദേശവും ഇൻസ്ട്രക്ടർ നൽകുന്നുണ്ട്. പുഴയുടെ നിമ്നോന്നതികളില്‍ തട്ടിത്തെറിച്ച് തോണി ഒഴുകുകയാണ്. ആവേശത്താൽ തുഴയിട്ട് ഞങ്ങളും. പുഴയിലെ കയറ്റിറക്കങ്ങളിലൂടെ മുന്നോട്ടു പോകുമ്പോൾ യന്ത്ര ഊഞ്ഞാലിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോഴുള്ള ആന്തലായിരുന്നു. മറ്റുള്ളവരെ വഞ്ചിപ്പാട്ടിന്റെ താളത്തിൽ പാട്ടു പാടി പിന്നിലാക്കി ഞങ്ങൾ പ്രയാണം തുടർന്നു.

ഇൻസ്ട്രക്ടർ രസികനായിരുന്നു. അയാളുടെ തുഴകൊണ്ട് ഞങ്ങളിലേക്ക് ഇടക്കിടെ വെള്ളം തെറിപ്പിച്ച് രസം പകർന്നുകൊണ്ടേയിരുന്നു. പുഴയുടെ ഒരു ഭാഗത്ത് ഇടതൂർന്ന കാട്. മറുഭാഗത്ത് ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന റോഡ്.
ഇൻസ്ട്രക്ടറുടെ ഹെൽമറ്റിൽ ആക്ഷൻ കാമറയുണ്ട്. ചിത്രമെടുക്കാൻ ചോദിച്ചപ്പോൾ ആവശ്യപ്പെട്ടത് ആയിരം രൂപയാണ്. അതൊരു വലിയ സംഖ്യയാണെന്നും അയാൾ ഞങ്ങളെ “തേക്കാൻ” നോക്കുകയാണെന്നും ബോധ്യപ്പെട്ടപ്പോൾ ആ ശ്രമം വേണ്ട എന്നു വെച്ചു.

പാറക്കൂട്ടങ്ങൾ പിന്നിട്ട് നദി അൽപം ശാന്തമായി ഒഴുകുന്നിടത്ത് അയാൾ തോണി വേഗം കുറച്ചു. നീന്തലറിയുന്നവരോട് ചാടാൻ ആവശ്യപ്പെട്ടു. ആറിൽ നാല് പേർ കണ്ണുമടച്ച് ഒറ്റച്ചാട്ടം. ഇരച്ച് കയറുന്ന തണുപ്പാണ്. ജാക്കറ്റ് ഉള്ളതിനാൽ താഴ്ന്ന് പോകുമെന്ന പ്രശ്നമേയില്ല . ഓളത്തിലങ്ങനെ ഒഴുകി ഒഴുകി നീങ്ങാം. പൊടുന്നനെ ആകാശത്ത് കൂറ്റൻ ഇടിമിന്നൽ പ്രത്യക്ഷപ്പെട്ടു. പിന്നാലെയെത്തി കാതടപ്പിക്കുന്ന ഇടി ശബ്ദം . മഴക്കോളാണ് ; അയാൾ കയറാൻ ആവശ്യപ്പെട്ടു. മൂന്ന് പേരെയും പിടിച്ചു കയറ്റി. ഞാൻ മാത്രം ബാക്കിയായി. “പാറക്കൂട്ടങ്ങൾ വരുന്നു ; വേഗം കയറൂ ” അയാൾ ഭയപ്പെടുത്തി. പരസഹായമില്ലാതെ തോണിയിൽ കയറാൻ കഴിയില്ല. തോണിയുടെ കയറിൽ പിടിച്ച് നിസഹായനായി ഞാൻ ഒഴുകിക്കൊണ്ടിരുന്നു. അയാളപ്പോൾ കള്ളച്ചിരിയോടെ എന്നെ സഹായിക്കാനായി കൈ നീട്ടി. പൊക്കിയെടുത്ത ശേഷം പുഴയിലേക്ക് എന്നെ ഒറ്റമുക്കൽ. ശരിക്കും അന്ധാളിച്ച് പോയെങ്കിലും സംഗതി ആസ്വാദ്യകരമായിരുന്നു. വലിച്ച് കയറ്റി തോണിയിലേക്കിട്ടു. പറഞ്ഞത് വാസ്തവമായിരുന്നു. പാറക്കെട്ടുകളിൽ തട്ടി ഉലഞ്ഞുലഞ്ഞ് തോണി മുന്നോട്ട്. 9 കിലോമീറ്റർ തീരുകയാണ്. ആകാശത്ത് പൊടിച്ച മഴ ഉഗ്രരൂപത്തിൽ പുഴയിലേക്ക് ചിതറിത്തുടങ്ങി. നനഞ്ഞ് കുതിർന്ന ഞങ്ങളെ അയാൾ കരയിലടുപ്പിച്ചു. അയാളോട് ഹിന്ദിയിൽ നന്ദി പറഞ്ഞും ആക്ഷൻ കാമറയിൽ ചിത്രമെടുത്ത് നൽകാത്തതിന് മലയാളത്തിലെ തെറി ചിരിച്ചു കൊണ്ട് പറഞ്ഞും കരയിലേക്ക് കാൽ വെക്കുമ്പോൾ മഴത്തുള്ളികൾക്ക് കനം വെച്ചിരുന്നു. തണുത്ത് മരവിച്ചുവെങ്കിലും കിട്ടിയ ആനന്ദത്തിന്‍റെ ഊർജ്ജത്തിൽ ഞങ്ങൾ യാത്ര തുടർന്നു.