ഇടുക്കി ഡാമില്‍ സഞ്ചാരികള്‍ക്കായി ലേസര്‍ ഷോ വരുന്നു
ഇടുക്കി ഡാമില്‍ ഇനി സഞ്ചാരികളെ കാത്തിരിക്കുന്നത് ലേസര്‍ ഷോയുടെ വര്‍ണ്ണവിസ്മയം. ലോകത്തിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ഡാമില്‍ ടൂറിസം രംഗത്തെ അനന്ത സാദ്ധ്യതകള്‍ മനസിലാക്കി ഒട്ടേറെ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അത്യാധുനിക ലേസര്‍ ഷോ സംവിധാനവും ഒരുക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.
ഡാമിന്റെ 400 മീറ്റര്‍ വീതിയും 500 മീറ്റര്‍ ഉയരവുമുള്ള പ്രതലത്തിലായിരിക്കും ലേസര്‍ ഷോയ്ക്ക് വേണ്ട സ്‌ക്രീന്‍ ഒരുക്കുക. ഇതില്‍ നിന്ന് 300 മീറ്റര്‍ മാറി 700ഓളെ പേരെ ഉള്‍ക്കൊള്ളാവുന്ന ഇരിപ്പിടങ്ങളും തയ്യാറാക്കും. ആംഫി തിയേറ്റര്‍ മാതൃകയിലായിരിക്കും ഇവയുടെ നിര്‍മ്മാണം.
ഇതിനോട് അനുബന്ധിച്ച് ഷോപ്പിങ് സെന്ററും, അക്വേറിയവും നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇതിനെല്ലാം 15 ഏക്കറോളം ഭൂമി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുപുറമേ പാര്‍ക്കിങ് സൗകര്യത്തിനായി 10 ഏക്കറും ആവശ്യമായി വരും.
കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡല്‍ ടൂറിസം സെന്ററാണ്(കെഎച്ച്ടിസി) ഇടുക്കി ഡാമില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ നിര്‍ദേശം വച്ചിരിക്കുന്നത്. നിലവില്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും ലേസര്‍ ഷോ സംവിധാനത്തിന് മാത്രം 26 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും കെഎച്ച്ടിസി ഡയറക്ടര്‍ കെ ജെ ജോസ് പറഞ്ഞു.
ലേസര്‍ ഷോ അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി പ്രാജക്ട് കണ്‍സള്‍ട്ടന്‍സിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോണ്‍-താരിഫ് വരുമാനം ഉയര്‍ത്താന്‍ വേണ്ടിയാണ് കെഎസ്ഇബി കെഎച്ച്ടിസിയ്ക്ക് രൂപം നല്‍കിയത്.
കേരളത്തിലെ 58 ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികളിലൂടെയാണ് കെഎച്ച്ടിസി പുതിയ വരുമാന മാര്‍ഗം തേടുന്നത്. ഇതില്‍ 21 ഡാമുകളില്‍ വിവിധ ടൂറിസം പദ്ധതികള്‍ ആരംഭിച്ചു.