Food

പഞ്ചനക്ഷത്ര ഹോട്ടലില്‍ കള്ളും കപ്പേം കഴിക്കാം..റാവിസിലേക്ക് വിട്ടോ

 

പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ അന്തരീക്ഷത്തില്‍ കള്ളും കപ്പേം കഴിക്കാന്‍ കൊല്ലം റാവിസ് ഹോട്ടലില്‍ അവസരം. ഒറിജിനല്‍ തെങ്ങിന്‍ കള്ളു കുടിക്കാം എന്നു കരുതി പോകേണ്ട. മിക്സ് ചെയ്ത കോക്ക് ടെയിലും മോക്ക്ടെയിലുമാണ് കിട്ടുക. രുചിയില്‍ കള്ളിനെ വെല്ലുമെന്നു മുഖ്യ ഷെഫ് സുരേഷ് പിള്ള ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കള്ളു വില്‍പ്പനയ്ക്ക് അനുമതി ഇല്ലാത്തതിനാലാണ് പുതിയ പരീക്ഷണം.
ബക്കാര്‍ഡി,കോക്കനട്ട് ക്രീം, കരിക്കിന്‍ വെള്ളം എന്നിവ മിക്സ് ചെയ്തതാണ് റാവിസിലെ കേരള കള്ള്.
ബ്രാന്‍ഡി, ഗ്രാമ്പൂ,കറുകപ്പട്ട,കുരുമുളക്,തേന്‍,ഇളം ചൂട് വെള്ളം എന്നിവ സംയോജിപ്പിച്ച ചൂട് കള്ള്, വോഡ്ക, ലിച്ചി ജ്യൂസ്,പീച്ച് എന്നിവ ചേര്‍ത്ത മധുരക്കള്ള്, ബക്കാര്‍ഡി,കരിക്കിന്‍വെള്ളം,നാരങ്ങാവെള്ളം,മധുരം കലര്‍ന്ന പുളി എന്നിവ സംയോജിപ്പിച്ച അന്തിക്കള്ള് എന്നിങ്ങനെയാണ് വകഭേദങ്ങള്‍. മോക്ക് ടെയിലില്‍ ശുദ്ധകള്ള്,മധുരക്കള്ള്, സ്പൈസികള്ള് എന്നിങ്ങനെ ഇനങ്ങളുണ്ട്.

കപ്പയും എരിചമ്മന്തിയും, കക്കാ തോരന്‍, ചിപ്പി ഉലര്‍ത്തിയത്,കപ്പയും ഷാപ്പ്‌ മീന്‍ കറിയും കപ്പ ബിരിയാണി,മത്തി കറിവേപ്പില ഫ്രൈ,ചെമ്മീന്‍ ചെറിയുള്ളി,പോത്ത് റോസ്റ്റ്,നത്തോലി ഫ്രൈ,തട്ടുകട ഓംലറ്റ് അങ്ങനെ കൊതിയൂറും നാടന്‍ വിഭവങ്ങളും ഷാപ്പ് വിഭവങ്ങളും റാവിസിലെ മെനുവില്‍ പുതുതായി ഇടം പിടിച്ചിട്ടുണ്ട്.