Hospitality

കൊച്ചി ഇനി സമ്മേളന ടൂറിസം തലസ്ഥാനം: ഗ്രാന്‍റ് ഹയാത്തും കൺവെൻഷൻ സെന്‍ററും തുറന്നു

രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററായ ലുലു കൺവൻഷൻ സെന്‍ററിന്‍റെയും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിച്ചു. ഏത് കാര്യത്തിലും വിവാദം ഉണ്ടാക്കുന്ന പ്രവണത നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറിയ നാടിനെ ഐശ്വര്യപൂർണ്ണമായി വരും തലമുറയെ ഏല്പിക്കാനുള്ള ബാധ്യത നമുക്കുണ്ട്. മാനുഷികമുഖമുള്ള യൂസഫലിയുടെ നിലപാടുകളാണ് അദ്ദേഹത്തിന്‍റെ വിജയത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ, ബഹറൈന്‍ ഭരണാധികാരികളോട് വിദേശ മലയാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. റോഡ് അടക്കമുള്ള കേരളത്തിന്‍റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ തടസ്സമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ലുലു ഗ്രൂപ്പ് ചെയർമാൻ എംഎയൂസഫലി, യുഇഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വിഎസ് സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടൂറിസം രംഗത്ത് വന്‍ വരുമാനം കൊണ്ടുവരുന്ന മൈസ് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല. മീറ്റിംഗ്,ഇന്‍സെന്റീവ്, കോണ്‍ഫ്രന്‍സ്, എക്സിബിഷന്‍ എന്നിവയുടെ ചുരുക്കപ്പേരാണ് മൈസ്. സമ്മേളന ടൂറിസം എന്നു മലയാളം. രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തിച്ചേരുന്നത്.

ഇവരുടെ താമസ-ഭക്ഷണ വരുമാനം മാത്രമല്ല ഇത്രയധികം പേര്‍ സമീപ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങുന്നതും ഷോപ്പിംഗ് നടത്തുന്നതുമൊക്കെ സമ്മേളന ടൂറിസത്തില്‍ നിന്നുള്ള വരുമാനം കൂട്ടും. ടൂറിസ വരുമാനത്തിന്‍റെ പത്തു ശതമാനം മാത്രമേ നിലവില്‍ സമ്മേളന- വിവാഹ ടൂറിസങ്ങളില്‍ നിന്ന് ലഭിക്കുന്നുള്ളൂ. എന്നാല്‍ ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറക്കുന്നതോടെ ഈ നില മാറും. രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വമ്പന്‍ സൗകര്യങ്ങള്‍ ഇവിടുണ്ട്.

ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിലെ കാഴ്ചകള്‍ ഇങ്ങനെ 

ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്‍ററുമായി 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ബോള്‍ഗാട്ടിയിലെ വിസ്മയം. രണ്ടും ചേര്‍ന്ന് പതിമൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരേ സമയം ആറായിരം പേര്‍ക്ക് ഇരിക്കാം. ഹോട്ടലിലെ ഹാളുകളും ചേര്‍ത്താല്‍ ഒരേ സമയം എണ്ണായിരം പേര്‍ക്ക് സമ്മേളനങ്ങളില്‍ പങ്കെടുക്കാം.

സ്കാനറും മെറ്റല്‍ ഡിക്റ്ററ്ററും ക്യാമറ ദൃശ്യങ്ങള്‍ കാണാവുന്ന കമാന്‍ഡ്റൂമും അടക്കം സുരക്ഷാ സൗകര്യങ്ങള്‍ കണ്‍വന്‍ഷന്‍ സെന്‍ററിലുണ്ട്. ഒരേ സമയം 1500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.  തൊട്ടരികെ മൂന്നു ഹെലിപ്പാഡുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററിലെ വലിയ ഹാളിനു 20000 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. 3400 കസേരകള്‍. ലിവ എന്ന ഈ ഹാളിനെ മൂന്നായി വിഭാജിക്കാനാവും. പിന്നിലെ 729 കസേരകള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ചുവരില്‍ പോയിരിക്കും. ഹാളില്‍ 2700 ചതുരശ്രയടിയില്‍ വലിയ വേദി. ഒപ്പം ഗ്രീന്‍ റൂമുകളും വിഐപി വിശ്രമ മുറികളും.

കണ്‍വെന്‍ഷന്‍ സെന്‍ററിലെ അടുത്ത വലിയ ഹാള്‍ വേമ്പനാട്. 19000 ചതുരശ്രയടി വിസ്തീര്‍ണം. 2200 പേര്‍ക്കിരിക്കാം. ഈ ഹാളും മൂന്നാക്കാം. മറ്റൊരു ചെറിയ ഹാളില്‍ മുന്നൂറോളം പേര്‍ക്ക് ഇരിക്കാം. കൂടാതെ പതിനായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പതിനൊന്നു നിലകളിലായി അഞ്ചു ഭക്ഷണ ശാലകള്‍. എല്ലായിടവും പാചകം കണ്മുന്നില്‍ തന്നെ. റൂഫ് ടോപ്പിലാണ് ബാര്‍. ഹോട്ടലില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ഗ്ലാസുകളിലാകും വെള്ളം നല്‍കുക. ഹോട്ടല്‍ ഹയാത്തില്‍ 264 മുറികള്‍. ഇതില്‍ 42 സൂട്ടുറൂമുകളാണ്.

ഗ്രാന്‍റ് ഹയാത്തിന്‍റെയും കണ്‍വന്‍ഷന്‍ സെന്‍ററിന്‍റെയും ഉദ്ഘാടനം കാണാം