കുമരകം- ആലപ്പുഴ എസി ബോട്ട് യാത്രയ്ക്ക് സജ്ജം
വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തുനിന്നു സഞ്ചാരികള്‍ക്ക് ഇനി ഒരു മണിക്കൂര്‍കൊണ്ടു ജലമാര്‍ഗം ആലപ്പുഴയില്‍ എത്താം. ജലഗതാഗത വകുപ്പിന്റെ 120 യാത്രക്കാര്‍ക്കു കയറാവുന്ന എസി ബോട്ടാണ് വേമ്പനാട്ടുകായലിലൂടെ ആലപ്പുഴയില്‍ എത്തുന്നത്.
വൈക്കത്തുനിന്നു കൊച്ചിയിലേക്കു ജലഗതാഗത വകുപ്പിന്റെ മറ്റൊരു എസി ബോട്ടും സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തും. സംഘമായി യാത്രചെയ്യുന്നവരെ ലക്ഷ്യമിട്ടാണു പുതിയ സര്‍വീസ്.
ബോട്ടിന്റെ സീറ്റിനനുസരിച്ചു സഞ്ചാരികള്‍ ഉണ്ടാവണം. നിരക്കു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു സര്‍വീസ് തുടങ്ങാനാണ് ഉദ്ദേശ്യം.
സഞ്ചാരികള്‍ കുമരകം ബോട്ട് ജെട്ടിയില്‍നിന്നു ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ കയറി മുഹമ്മയില്‍ എത്തിയശേഷം അവിടെനിന്നു ബസില്‍ ആലപ്പുഴയിലേക്കു പോകുകയാണിപ്പോള്‍. മുഹമ്മയില്‍നിന്നു ബസ് ഉടന്‍ കിട്ടിയാല്‍ത്തന്നെ കുമരകം – ആലപ്പുഴ യാത്രയുടെ ആകെ സമയം ഒന്നര മണിക്കൂറാണ്.
കുമരകത്തുനിന്നു ബോട്ടില്‍ കയറിയാല്‍ മറ്റു തടസ്സമില്ലാതെ നേരെ ആലപ്പുഴയില്‍ എത്താമെന്നതാണു പുതിയ സര്‍വീസിന്റെ നേട്ടം. ജലഗതാഗത വകുപ്പിന്റെ ‘സീ പാതിരാമണല്‍’ ടൂറിസം പദ്ധതിയും ഉടന്‍ തുടങ്ങും.
കുമരകത്തുനിന്നു കായലിലൂടെ യാത്രചെയ്തു പാതിരാമണല്‍, തണ്ണീര്‍മുക്കം, കവണാറ്റിന്‍കര പക്ഷിസങ്കേതം എന്നീ സ്ഥലങ്ങള്‍ കണ്ടു മടങ്ങുന്നതാണു പാക്കേജ്. നൂറുപേര്‍ക്കു യാത്രചെയ്യാവുന്ന സോളര്‍ ബോട്ടാണു യാത്രയ്ക്ക് ഉപയോഗിക്കുന്നത്. കുമരകത്തുനിന്നു 45 മിനിറ്റ് കൊണ്ടു പാതിരാമണലിലെത്താം.