ലൈംഗികത്തൊഴിലാളികള്‍ക്ക് ന്യൂസിലാന്‍ഡ് വിസ നല്‍കും

ലൈംഗികത്തൊഴിലാളികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ന്യൂസിലാന്‍ഡ്‌. വിസ അപേക്ഷയിലെ തൊഴില്‍ സംബന്ധിച്ച കോളത്തില്‍ ലൈംഗികവൃത്തിയും തൊഴിലായി രേഖപ്പെടുത്താമെന്നാണ് ന്യൂസിലന്‍ഡിന്‍റെ പുതിയ തീരുമാനം. ഇമിഗ്രേഷന്‍ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചത്.

വൈദഗ്ധ്യമുള്ള തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ലൈംഗികവൃത്തിയെ കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷയില്‍ പരിഗണിക്കുക. ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസിലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപ്പേഷന്‍ (ആന്‍സ്‌കോ) അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ അപേക്ഷിക്കാനാവൂ.

സ്‌കില്‍ ലെവല്‍ 5 വേണമെന്നാണ് ആന്‍സ്‌കോയുടെ വ്യവസ്ഥ. മണിക്കൂറില്‍ ലഭിക്കുന്ന പ്രതിഫലം, ആഴ്ച്ചയില്‍ ലഭിക്കുന്ന പ്രതിഫലം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ആന്‍സ്‌കോ യോഗ്യത നിശ്ചയിക്കുക. കൂടാതെ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാണ്‌.

2003ലാണ് ലൈംഗികവൃത്തി നിയമപരമാക്കാന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചത്. ലൈംഗികത്തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തീരുമാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊരുക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്.