കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ബഗ്ഗി കാറുകള്‍ വരുന്നു
പ്രായാധിക്യം മൂലം നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും, രോഗികള്‍ക്കുമായി കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സഞ്ചരിക്കുന്ന ബഗ്ഗി കാറുകള്‍ വരുന്നു. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ചെറിയ കാറുകളായ ബഗ്ഗി എത്തിക്കുന്നത് ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ്.
രണ്ടു പ്ലാറ്റ്‌ഫോമിലും സര്‍വീസ് നടത്തുന്ന ബഗ്ഗി ഡ്രൈവറെക്കൂടാതെ മൂന്ന് പേര്‍ക്ക് കൂടി ഇരിക്കാം. ഒരു യാത്രക്കാരന് 30രൂപയാണ് നിരക്ക്. ഹാന്‍ഡ് ബാഗ് മാത്രം കൈയില്‍ കരുതാം ലഗേജുകള്‍ ബഗ്ഗിയില്‍ കയറ്റില്ല.
ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോഴുള്ള ലിഫ്റ്റുകള്‍ക്കു സമീപം ബഗ്ഗികള്‍ നിര്‍ത്തിയിടും. യാത്രക്കാരെ കംപാര്‍ട്‌മെന്റിനു സമീപം എത്തിക്കുകയും ട്രെയിനില്‍ വന്നിറങ്ങുന്നവരെ ലിഫ്റ്റിനു സമീപം എത്തിക്കുകയും ചെയ്യും. ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് അടുത്ത പ്ലാറ്റ്‌ഫോമിലെത്താനും സൗകര്യമൊരുക്കും.
2014ല്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലാണ് ആദ്യമായി ബഗ്ഗി ഓടിത്തുടങ്ങിയത്. എറണാകുളം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലും ഇപ്പോള്‍ ബഗ്ഗികളുണ്ട്. കോട്ടയം ഉള്‍പ്പെടെ ഒന്‍പതു സ്റ്റേഷനുകളില്‍ക്കൂടി ഈ സൗകര്യം ഏര്‍പ്പെടുത്തുകയാണ്.