News

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല:സുപ്രീംകോടതി

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന പഴയ വിധിയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് സുപ്രീം കോടതി. മൊബൈല്‍ നമ്പറുകള്‍ നിര്‍ബന്ധപൂര്‍വം ആധാറുമായി ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ബുധനാഴ്ചയാണ് സുപ്രീം കോടതി രംഗത്തെത്തിയത്.

ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികളും 2016 ലെ ആധാര്‍ നിയമവും പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ച് ലോക്നീതി ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ രാജ്യത്തെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൊബൈല്‍ ഉപഭോക്താക്കളെ പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രച്ചുഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

‘സുപ്രീംകോടതി ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. പക്ഷേ, മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ എന്ന പ്രസ്താവനയേ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തായി’, ബെഞ്ച് പറഞ്ഞു. എന്നാല്‍, ഇ-കെ.വൈ.സി സംവിധാനത്തിലൂടെ മൊബൈല്‍ നമ്പറുകള്‍ പുനഃപരിശോധിക്കാന്‍ ടെലികോം വകുപ്പ് നോട്ടീസ് നല്‍കിയതായും ടെലഗ്രാഫ് ആക്ട് സേവന ദാതാക്കളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് പ്രത്യേക അധികാരം നല്‍കുന്നതായും യു.ഐ.ഡി.എ.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു.

‘മൊബൈല്‍ ഫോണുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉപഭോക്താക്കളെ നിങ്ങള്‍ക്ക് എങ്ങനെ നിര്‍ബന്ധിക്കാനാകും?’, ബെഞ്ച് ചോദിച്ചു. ലൈസന്‍സ് ഉടമ്പടികള്‍ സര്‍ക്കാരും സേവന ദാതാക്കളും തമ്മിലുള്ളതാണെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു.