ദുബൈയിയില്‍ വിനോദസഞ്ചാരികള്‍ക്ക് വാറ്റ് മടക്കിനല്‍കും

വിനോദസഞ്ചാരികൾക്ക് മൂല്യവർധിത നികുതി (വാറ്റ്) മടക്കിനൽകുന്നതു സംബന്ധിച്ച ടൂറിസ്റ്റ് റീഫണ്ട് സ്കീം ദുബൈ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (എഫ്ടിഎ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. നികുതി മടക്കിനൽകുന്നതുമായി ബന്ധപ്പെട്ട് യുഎഇയിലെ എല്ലാ ഔട്ട്‌ലെറ്റുകളും മറ്റു വിൽപനകേന്ദ്രങ്ങളും പരസ്പരം ബന്ധിപ്പിച്ചുള്ള സംവിധാനമാണ് ആവിഷ്കരിക്കുന്നത്.

കസ്റ്റംസ് വകുപ്പ്, സാമ്പത്തിക വകുപ്പിന്‍റെ ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവയുമായി ചേർന്ന് ഏകോപനം നടത്തിയാണു നടപടികൾ സ്വീകരിക്കുന്നത്. 2,81,000 സ്ഥാപനങ്ങൾ വാറ്റിനും 637 സ്ഥാപനങ്ങൾ എക്സൈസ് ടാക്സിനുമായി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ടാക്സ് ഏജന്‍റ്മാരുടെ എണ്ണം 83 ആയി.

അക്രഡിറ്റഡ് ക്ലിയറൻസ് കമ്പനികളുടെ എണ്ണം 85 ആയി ഉയർന്നെന്നും അധികൃതർ അറിയിച്ചു. കൂടാതെ പുകയില ഉൽപന്നങ്ങളുടെ വിപണനം നടത്തുമ്പോൾ എക്സൈസ് നികുതി ചുമത്തുന്നത് ഉറപ്പാക്കാൻ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനവും നടപ്പാക്കും. ദുബൈ റൂളേഴ്സ് കോർട്ടിൽ നടന്ന യോഗത്തിൽ ദുബൈ ഉപഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായിരുന്നു.