Aviation

കോഴിക്കോട്ടു നിന്നും ഇടത്തരം വലിയ വിമാനങ്ങള്‍ പറന്നേക്കും

കോഴിക്കോട്ടുനിന്ന് ഇടത്തരം വലിയ വിമാനങ്ങൾ രണ്ടു മാസത്തിനകം സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി ചുമതലയേറ്റ എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു. ഇടത്തരം വലിയ വിമാനങ്ങളുടെ സർവീസ് നടത്താന്‍ സൗദി എയർലൈൻസ് മുന്നോട്ടു വന്നിരുന്നു.

ഇതിന്‍റെ പഠന റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിന്‍റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് ഉടന്‍ ഡയറക്ടർ ജനറൽ ഓഫ് സിവി‍ൽ ഏവിയേഷനു കൈമാറും. അനുമതി ലഭിച്ചാൽ കോഴിക്കോട്ടുനിന്ന് ഇടത്തരം വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കും. അതേസമയം വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ്. നിർമാണത്തിലിരിക്കുന്ന ആഗമന ടെർമിനൽ രണ്ടു മാസത്തിനകം സമർപ്പിക്കും.

കാർ പാർക്കിങ് സൗകര്യവും സമാന്തര റോഡും ഉണ്ടാക്കുന്നതിനുള്ള സ്ഥലമെടുപ്പ് സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് എന്ന പോലെ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലേക്കു കൂടി കോഴിക്കോട്ടുനിന്നു സർവീസ് തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യവും കേന്ദ്രം പരിഗണിക്കും. വിമാനക്കമ്പനികളാണ് അതിനായി മുന്നോട്ടു വരേണ്ടത്. നേരത്തേ ഈ സെക്ടറുകളിൽ സര്‍വീസ് നടത്താന്‍ കമ്പനികൾ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സാധ്യമായില്ലെന്ന് ഡയറക്ടർ അറിയിച്ചു.