News

ശംഖുമുഖം തീരം സുരക്ഷ: ടൂറിസം ഡയറക്ടർ വിലയിരുത്തി 

കടലാക്രമണം രൂക്ഷമായ ശംഖുമുഖത്ത് സുരക്ഷ ശക്തമാക്കി ടൂറിസം വകുപ്പ്. ഇതിന്‍റെ ഭാഗമായി ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐ എ എസ്  ശംഖുമുഖത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീരത്തേക്ക് ടൂറിസ്റ്റുകളും മറ്റും കടക്കുന്നത് ഒഴിവാക്കുവാൻ ടൂറിസം ഡയറക്ടര്‍ ലൈഫ് ഗാർഡുകളോടും മറ്റു ജീവനക്കാരോടും നിര്‍ദേശിച്ചിരുന്നു.

ഇതിനുപുറമെ പ്രത്യേക സൂചനാ ബോർഡുകളും അപകട സാധ്യത കൂടിയ മേഖലകളിൽ പ്രത്യേക ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍  രണ്ട് ദിവസം  ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട്   ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം ഉത്തരവ്  പുറപ്പെടുവിച്ചിരുന്നു.

കൂടാതെ  കടപ്പുറത്തേയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എസിപിയെയും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡിടിപിസി സെക്രട്ടറിയെയും കളക്ടർ ചുമതലപ്പെടുത്തിയിരുന്നു. ടൂറിസം ഡയറക്ടറോടൊപ്പം ടൂറിസം പ്ലാനിംഗ് ഓഫീസർ വി എസ് സതീഷ്, ഡിടിപിസി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസ്സിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ ജി ജയകുമാരൻ നായർ  ഡിടിപിസിയിലെയും ഉദ്യോഗസ്ഥരും  സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.