കൊച്ചി അറബിക്കടലിന്‍റെ മാത്രമല്ല ഇനി അന്താരാഷ്‌ട്ര സമ്മേളനങ്ങളുടെയും രാജ്ഞി
കേരള ടൂറിസം പുതിയ തലത്തിലേക്ക്. വന്‍ രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി കൊച്ചി. ഈ മാസം 28ന് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്‍ററും തുറക്കുന്നതോടെ കൊച്ചി ടൂറിസം രംഗത്ത് മറ്റൊരു നാഴികക്കല്ല് താണ്ടും.
ടൂറിസം രംഗത്ത് വന്‍ വരുമാനം കൊണ്ടുവരുന്ന മൈസ് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല. മീറ്റിംഗ്,ഇന്‍സെന്റീവ്, കോണ്‍ഫ്രന്‍സ്, എക്സിബിഷന്‍ എന്നിവയുടെ ചുരുക്കപ്പേരാണ് മൈസ്. സമ്മേളന ടൂറിസം എന്നു മലയാളം.
രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തിച്ചേരുന്നത്. ഇവരുടെ താമസ-ഭക്ഷണ വരുമാനം മാത്രമല്ല ഇത്രയധികം പേര്‍ സമീപ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങുന്നതും ഷോപ്പിംഗ് നടത്തുന്നതുമൊക്കെ സമ്മേളന ടൂറിസത്തില്‍ നിന്നുള്ള വരുമാനം കൂട്ടും.
ടൂറിസത്തിലൂടെ കേരളത്തിന് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ഷിക വരുമാനം ഏകദേശം 28,000 കോടി രൂപയാണ്.ഇതില്‍ പത്തു ശതമാനം മാത്രമേ നിലവില്‍ സമ്മേളന- വിവാഹ ടൂറിസങ്ങളില്‍ നിന്ന് ലഭിക്കുന്നുള്ളൂ.എന്നാല്‍ ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറക്കുന്നതോടെ ഈ നില മാറും. മൈസ് ടൂറിസത്തിലേക്ക് കേരളം ചുവടുറപ്പിച്ച ഘട്ടത്തിലാണ് ബാറുകള്‍ അടപ്പിച്ചത്. ഇത് കേരളത്തിലെ സമ്മേളന ടൂറിസത്തിന് തിരിച്ചടിയായിരുന്നു.മദ്യ നിയന്ത്രണം നീങ്ങിയതോടെ സമ്മേളന ടൂറിസത്തിന് വീണ്ടും നല്ലകാലം തുടങ്ങിയിട്ടുണ്ട്
കൊച്ചി പഴയ കൊച്ചിയല്ല
കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷെ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ് എന്ന് ബിഗ് ബി സിനിമയില്‍ മമ്മൂട്ടി പറഞ്ഞ ഡയലോഗിന് ഇനി വകഭേദം വേണ്ടി വരും .കൊച്ചിയുടെ മാറ്റം ജനങ്ങള്‍ക്കും പ്രയോജനപ്പെടും . സമ്മേളന ടൂറിസത്തിന്‍റെ മുഖ്യകേന്ദ്രമാകാന്‍ ഒരുങ്ങുകയാണ് കൊച്ചി.
രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വമ്പന്‍ സൗകര്യങ്ങള്‍ വേണ്ടതുണ്ട്. നവംബറില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഗാസ്ട്രോ എന്‍ററോളജിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിന് എത്തുന്നത് 3500 പേരാണ്.ഇവര്‍ക്കെല്ലാം മികച്ച താമസ സൗകര്യം വേണ്ടതുണ്ട്. കൊച്ചിയില്‍ ഇപ്പോള്‍ പഞ്ച നക്ഷത്ര ഹോട്ടല്‍ മുറികള്‍ രണ്ടായിരമുണ്ട്. ചതുര്‍ നക്ഷത്ര ഹോട്ടല്‍ മുറികള്‍ മൂവായിരത്തോളവും വരും.