ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍ററും ഗ്രാന്‍ഡ് ഹയാത്തും 28ന് തുറക്കും
ഇന്ത്യയിലെ വലിയ കണ്‍വെന്‍ഷന്‍ സെന്‍ററാണ് കൊച്ചിയില്‍ തുറക്കുന്നത്.1800 കോടിയാണ് മുതല്‍മുടക്ക്. ഈ മാസം 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.കേന്ദ്രമന്ത്രി നിതിന്‍ ഗദ്കരിയടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിലെ കാഴ്ചകള്‍ ഇങ്ങനെ
ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്‍ററുമായി 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ബോള്‍ഗാട്ടിയിലെ വിസ്മയം. രണ്ടും ചേര്‍ന്ന് പതിമൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരേ സമയം ആറായിരം പേര്‍ക്ക് ഇരിക്കാം. ഹോട്ടലിലെ ഹാളുകളും ചേര്‍ത്താല്‍ ഒരേ സമയം എണ്ണായിരം പേര്‍ക്ക് സമ്മേളനങ്ങളില്‍ പങ്കെടുക്കാം
വിസ്മയ ദ്വീപ്
കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്നില്‍ വാഹനങ്ങള്‍ വന്നു നില്‍ക്കുന്ന പോര്‍ട്ടിക്കോ കണ്ടാല്‍ വിമാനത്താവളത്തിലെത്തിയ പ്രതീതിയാണ്.സ്കാനറും മെറ്റല്‍ ഡിക്റ്ററും ക്യാമറ ദൃശ്യങ്ങള്‍ കാണാവുന്ന കമാന്‍ഡ്റൂമും അടക്കം സുരക്ഷാ സൗകര്യങ്ങള്‍. കാര്‍ പാര്‍ക്കിംഗിന് വിശാലമായ സൌകര്യമാണ്. 1500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. മൂന്നു ഹെലിപ്പാഡാണ് തൊട്ടരികെ.
കണ്‍വെന്‍ഷന്‍ സെന്‍ററിലെ വലിയ ഹാളിനു 20000 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. 3400 കസേരകള്‍. ലിവ എന്ന ഈ ഹാളിനെ മൂന്നായി വിഭാജിക്കാനാവും. പിന്നിലെ 729 കസേരകള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ചുവരില്‍ പോയിരിക്കും. ഹാളില്‍ 2700 ചതുരശ്രയടിയില്‍ വലിയ വേദി. ഒപ്പം ഗ്രീന്‍ റൂമുകളും വിഐപി വിശ്രമ മുറികളും.
വേമ്പനാടും നാട്ടികയും
കണ്‍വെന്‍ഷന്‍ സെന്‍ററിലെ അടുത്ത വലിയ ഹാള്‍ വേമ്പനാട്. 19000 ചതുരശ്രയടി വിസ്തീര്‍ണം.2200 പേര്‍ക്കിരിക്കാം.ഈ ഹാളും മൂന്നാക്കാം. ചെറിയ ഹാളിനു പേര് എംഎ യൂസഫലിയുടെ നാടിന്‍റെത് തന്നെ- നാട്ടിക.മുന്നൂറോളം പേര്‍ക്ക് ഇരിക്കാം.
രുചിയില്‍ കേമന്‍
പതിനായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ഹോട്ടലില്‍ 264 മുറികള്‍. ഇതില്‍ 42 സൂട്ടുകള്‍. പതിനൊന്നു നിലകളിലായി അഞ്ചു ഭക്ഷണ ശാലകള്‍. എല്ലായിടവും പാചകം കണ്മുന്നില്‍ തന്നെ. റൂഫ് ടോപ്പിലാണ് ബാര്‍. ഹോട്ടലില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ഗ്ലാസുകളിലാകും വെള്ളം നല്‍കുക.
പുതിയ പദ്ധതികളെക്കുറിച്ച് യൂസഫലി
14,000 കോടി രൂപയുടെ പദ്ധതികള്‍ വിവിധ ഇടങ്ങളില്‍ പുരോഗമിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി. തിരുവനന്തപുരത്തെ ലുലു മാള്‍ 2020 ജനുവരിയില്‍ തുറക്കും. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍, ഗള്‍ഫ്, ഈജിപ്റ്റ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 20 വമ്പന്‍ മാളുകള്‍. നാട്ടികയിലെ മിനി മാള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും യൂസഫലി പറഞ്ഞു.
ഗ്രാന്‍ഡ് ഹയാത്തിന്‍റെ വീഡിയോ കാണാം