ഫെയിസ്ബുക്കില്‍ പങ്കുവെയ്ക്കാന്‍ അനുവദനീയമായ വിവരങ്ങളുടെ നിയമാവലി പുറത്തിറക്കി
ഏതൊക്കെ വിവരങ്ങളാണ് ഫെയിസ്ബുക്കില്‍ പങ്കുവെയ്ക്കാന്‍ അനുവാദമുള്ളതെന്നു വ്യക്തമാക്കുന്ന നിയമാവലി ഫെയിസ്ബുക്ക് പുറത്തിറക്കി. ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമാവലിയുടെ വിശദാംശങ്ങള്‍ ഫെയിസ്ബുക്ക് പുറത്തുവിട്ടത്.
ഉപയോക്താക്കള്‍ക്ക് എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് പങ്കുവയ്ക്കാന്‍ അനുമതിയുള്ളതെന്ന കാര്യത്തില്‍ നേരത്തേതന്നെ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍, അതിന്‍റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. ഫെയിസ്ബുക്കിനെ കുറിച്ച് ഉപയോക്താക്കളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് നിയമാവലി പരസ്യപ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്ക് പ്രോഡക്ട് പോളിസി ആന്‍ഡ് കൗണ്ടര്‍ ടെററിസം വൈസ് പ്രസിഡന്റ് മോണിക്ക ബിക്കെര്‍ട്ട് പറഞ്ഞു.
ഏതെങ്കിലും പ്രത്യേക പോസ്റ്റ് നീക്കംചെയ്താല്‍ അതില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഫെയ്‌സ്ബുക്ക് പുതുതായി അനുവദിച്ചിട്ടുണ്ട്. നേരത്തേ അക്കൗണ്ടോ പേജോ നീക്കംചെയ്താല്‍ മാത്രമായിരുന്നു അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നത്.
നിയമാവലി
- അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ മുറിവേറ്റവരുടെ ചിത്രങ്ങളും വീഡിയോകളും. എന്നാല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇവ മുന്നറിയിപ്പോടെ ഉപയോഗിക്കാം.
- മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായല്ലാതെ മരുന്നുപയോഗിക്കുന്നുവെന്ന് വ്യക്തിപരമായി അംഗീകരിക്കുന്ന തരത്തില്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍.
- ഹാക്കിങ്ങിലൂടെ ലഭ്യമായ വിവരങ്ങള്‍. എന്നാല്‍, വാര്‍ത്താപ്രാധാന്യമുള്ള വിവരങ്ങളാണെങ്കില്‍ പോസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ല.
- പ്രായപൂര്‍ത്തിയാകാത്തവരെ അധിക്ഷേപിക്കുന്ന ഉള്ളടക്കങ്ങള്‍.
- തെറ്റായ അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍
- മയക്കുമരുന്നുപയോഗം, വിദ്വേഷപ്രസംഗം, ലൈംഗികത്തൊഴില്‍, സംഘര്‍ഷത്തിന് പ്രേരിപ്പിക്കല്‍, ഭീകരവാതം തുടങ്ങിയവയുടെ ഉള്ളടക്കങ്ങള്‍