രാമക്കല്‍മേട്ടില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കാനനപാത വരുന്നു
സാഹസിക സഞ്ചാരികള്‍ക്കായി രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്നാട്ടിലേക്ക് കാനനപാത തുറക്കാന്‍ തമിഴ്നാട് വനംവകുപ്പ്. കൂടുതല്‍ വിനോദ സഞ്ചാരികളെ തമിഴ്നാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്.
രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്നാട് അടിവാരത്തേക്കാണു വിനോദ സഞ്ചാരികള്‍ക്കായുള്ള കാനനപാത. രാമക്കല്‍മേട്ടില്‍ നിന്നു പഴയകാലത്ത് സഞ്ചരിച്ചിരുന്ന വനപാത, തേവാരം -ആനക്കല്ല് അന്തര്‍സംസ്ഥാന റോഡ് നിര്‍മാണത്തിനു ശേഷമാണു തമിഴ്നാട് തുറക്കുക.
കാനനപാത തുറക്കുന്നതിന് മുന്നോടിയായി ഒരു വര്‍ഷം മുമ്പ് തന്നെ വിശദമായ സര്‍വേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ നടത്തിയിരുന്നു.
വിനോദ സഞ്ചാരം വികസനം ലക്ഷ്യം വെയ്ക്കുന്ന തമിഴ്നാട് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പാത രാമക്കല്‍മേട്ടില്‍ നിന്ന് ആരംഭിച്ച് ഏകദേശം മൂന്ന് കിലോമീറ്റര്‍ ചെങ്കുത്തായ ഇറക്കം ഇറങ്ങി തമിഴ്നാട്ടിലെ അടിവാരത്ത് എത്തുന്നതാണ് പാത. ഇവിടെ നിന്നു സമീപ പട്ടണമായ കോമ്പയിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാവും.
അതിര്‍ത്തി മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്.തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കമ്പംമേട് വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം തമിഴ്നാട്ടില്‍ നിന്നു രാമക്കല്‍മേട്ടില്‍ എത്താന്‍. ഇക്കാരണത്താല്‍ മേഖലയില്‍ ടൂറിസം വികസനം സാധ്യമാക്കുവാന്‍ തമിഴ്നാടിന് സാധിക്കുന്നില്ല.
കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടത്തില്‍ ചരക്ക് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന കാനന പാതയാണ് നവീകരിക്കാന്‍ തമിഴ്നാട് ഒരുങ്ങുന്നത് ഇക്കാരണത്താലാണ്. നിലവില്‍ പാത ഉപയോഗിക്കുന്നില്ല.
മുന്‍പ് പല ഭാഗത്തും പാറക്കല്ലുകള്‍ അടുക്കിയും മറ്റുമാണ് പാത നിര്‍മിച്ചത്. ഇതിനാല്‍ വനനശീകരണമോ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോ നടത്താതെ പാത വീണ്ടും ഗതാഗതയോഗ്യമാക്കുവാന്‍ സാധിക്കും. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്മേട്ടിന് കൂടുതല്‍ ഗുണകരമാകുന്നതാണ് കാനന പാതയുടെ നവീകരണം.