Destinations

മേഘാലയയില്‍ അഫ്സ്പ ഇനിയില്ല: ഉണര്‍വോടെ വിനോദസഞ്ചാര മേഖല

മേഘാലയയില്‍ അഫ്സ്പ പിന്‍വലിച്ചത് ടൂറിസം മേഖലയ്ക്ക് ആശ്വാസം. 27 വര്‍ഷത്തിനു ശേഷമാണ് സായുധസേനാ പ്രത്യേകാധികാര നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്. ഉയർന്ന കുന്നുകളും ഇടുങ്ങിയ താഴ്‍വരകളും പച്ചപ്പും പുഴകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മേഘങ്ങളുടെ ഭവനം കാണാന്‍ ഇനി പേടിയില്ലാതെ പോകാം. പേടിപ്പെടുത്തുന്ന പട്ടാള ക്യാമ്പുകളും ബാരിക്കേടുകളും പരിശോധനകളും ഇനിയുണ്ടാവില്ല. വളരെ സ്വതന്ത്രമായി മേഘാലയ ചുറ്റിക്കാണാം.

1972ലാണ് മേഘാലയ സംസ്ഥാനം രൂപീകരിക്കുന്നത്. ഖാസി, ജൈന്തിയ, ഗാരോ എന്നീ വിഭാഗങ്ങളില്‍‌പ്പെട്ട ജനങ്ങളുടെ വാസസ്ഥാനമാണിവിടം. മുര്‍ലെന്‍ നാഷണല്‍ പാര്‍ക്ക്, ഡംപ ടൈഗര്‍ റിസര്‍വ്, ലോകത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചി, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ, ചുടുനീരുറവ തടാകമായ ജോവൽ, ചെറിപ്പൂക്കളുടെ ആഘോഷം നടക്കുന്ന ഖാസി, ഷില്ലോംഗ്, വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍ എന്നിവയാണ് മേഘാലയിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍. അതിശയങ്ങളും രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന, മഴയെ ആശ്രയിച്ചു ജീവിക്കുന്ന മേഘാലയ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്.

നദികള്‍ തീര്‍ത്ത ഭൂപ്രകൃതി

മേഘാലയ ഇന്ത്യയിലെ ഏഴ് സഹോദരസംസ്ഥാനങ്ങളിലൊന്നാണ്. ഒരുപാട് നദികളുള്ള മേഘാലയയിലെ പല നദികളും മഴക്കാലത്ത് മാത്രം സജീവമാകുന്നവയാണ്. ഗാരോ ഹില്‍സ് പ്രദേശത്തെ പ്രധാന നദികളാണ് ഡാരിങ്ങ്, സാന്‍ഡ, ബന്ദ്ര, ബോഗായ്, സിംസാങ്ങ്, നിതായ്, ബുപായ് എന്നിവ. മധ്യ, പടിഞ്ഞാറ് ഭാഗങ്ങളിലൂടെ കടന്ന് പോകുന്ന പ്രധാന നദികളാണ് ഉംക്രി, ദിഗാരു, ഉമിയം, കിന്‍ചിയാങ്ങ്, മോപ, ബാരാപാനി, മിംഗോട്ട്, മിന്‍റ്ഡു എന്നിവ. തെക്ക്ഭാഗത്തെ ഖാസി കുന്നുകളില്‍ ഈ നദികള്‍ നിരവധി വെള്ളച്ചാട്ടങ്ങള്‍ സൃഷിടിച്ച് മലയിടുക്കുകളിലൂടെ കടന്നുപോകുന്നു.

ഉത്സവങ്ങള്‍

വര്‍ണ്ണപ്പകിട്ടോടെ ആഘോഷിക്കുന്ന ഉത്സവങ്ങളാണ് മേഘാലയയിലുള്ളത്. നൃത്തം മേഘാലയക്കാരുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്. നൃത്തങ്ങള്‍ ഗ്രാമങ്ങളുടെ വകയോ, ഗ്രാമങ്ങളുടെ കൂട്ടമായോ നടത്തപ്പെടുന്നു. പ്രാദേശികമായ ശൈലികളും വര്‍ണ്ണങ്ങളും ഇവയില്‍ ഉപയോഗിക്കുന്നു. ക-ഷാദ്-സുക് മിന്‍സിയെം, ക-പോം-ബ്ലാങ്ങ് നോങ്കേം, ക-ഷാദ് ഷിങ്ങ്വിയാങ്ങ്-താങ്കിയാപ്, ക-ഷാദ്-ക്യോന്‍ജ് കാസ്കെയ്ന്‍, ക-ബാം-ഖാന ഷ്നോങ്ങ്, ഉംസാന്‍ നോങ്ക്‍രായ്, ഷാദ്-ബെഹ്-സിയര്‍ എന്നിവയാണ് പ്രധാന ഖാസി ഉത്സവങ്ങള്‍.

ജൈന്തിയ ഹില്‍‌സില്‍ നടക്കുന്ന ഉത്സവങ്ങളും മനുഷ്യനും സംസ്കാരവും പരിസ്ഥിതിയും തമ്മിലുള്ള തുലനം നിലനിര്‍ത്താനായി ലക്ഷ്യമിടുന്നവയാണ്. അതോടൊപ്പം തന്നെ ജനങ്ങളുടെ ഐക്യവും, ചേര്‍ച്ചയും പോഷിപ്പിക്കലും ഇതിന്‍റെ ലക്ഷ്യമാണ്. ബെഹ്ദിയെനക്ലാം, ലാഹോ നൃത്തം, വിതക്കല്‍ ചടങ്ങ് എന്നിവയാണ് ജൈന്തിയാസിന്‍റെ പ്രധാന ഉത്സവങ്ങള്‍. ഗാരോ വിഭാഗത്തിന്‍റെ പ്രധാന ഉത്സവങ്ങള്‍ ഡെന്‍ ബില്‍സിയ, വാങ്ക്‍ല, റോങ്ക്ചു ഗാല, മി അമുവ, മങ്കോണ, ജമാങ്ങ് സിയ, ജ-മെഗാപ, ഡോരെ രെത്താ നൃത്തം, ചംബില്‍ മെസാര, ആ-സെ മനിയ തുടങ്ങിയവയാണ്.

ഗുഹകള്‍

ഗുഹകള്‍ക്ക് പേരുകേട്ട സംസ്ഥാനമാണ് മേഘാലയ. രാജ്യത്തെ ഏറ്റവും അഗാധമായ 10 ഗുഹകളുടെ കണക്കെടുത്താൽ അതിൽ ആദ്യത്തെ 9 എണ്ണവും മേഘാലയയുടെ കുന്നുകളിലാണ്. ഗുഹകള്‍ പുരാതന സംസ്‌കാരത്തിന്‍റെ ഭാഗങ്ങളാണെന്നാണ് കരുതുന്നത്. 34 കിലോമീറ്റർ വ്യാപ്തിയുള്ള ക്രേം ലിയറ്റ് പ്രാഹ്, മസ്മാഹ് ഗുഹ, കുമ്മായ കല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്ന സിജ്ജൂ ഗുഹ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഗുഹയായ ക്രേം കൊട്ട്സാറ്റി, മോസ്മയി ഗുഹകള്‍ എന്നിവയാണ് മേഘാലയിലെ പ്രധാന ഗുഹകള്‍.

വെള്ളച്ചാട്ടങ്ങള്‍

സഞ്ചാരികള്‍ മേഘാലയില്‍ കൂടുതലും തേടിവരുന്ന ഇടങ്ങളാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. കൂടുതല്‍ നദികളോഴുകുന്ന, ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഇവിടെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങള്‍ ഇല്ലങ്കിലല്ലേ അത്ഭുതമുള്ളൂ. ഹാപ്പി വാലിയില്‍ സഞ്ചാരികള്‍ക്ക് സന്തോഷം പകരുന്ന സ്വീറ്റ് വെള്ളച്ചാട്ടം, കാട്ടിനുള്ളിലെ റെയിന്‍ബോ വെള്ളച്ചാട്ടം, ഷില്ലോങ്ങിലെ എലിഫന്‍റ് വെള്ളച്ചാട്ടം, സതി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടുത്തെ പ്രധാന ജലവിസ്മയങ്ങള്‍.