പൂരം പ്രേമികളെ തൃശ്ശൂര്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസിയും
പൂരങ്ങളുടെ പൂരം കാണാനെത്താന്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സുകളും. തൃശൂര്‍ ജില്ലയ്ക്കകത്തും മറ്റു ജില്ലയിലുമുള്ള പൂരം പ്രേമികളെ വടക്കുനാഥന്‍റെ അടുത്തെത്തിക്കാനാണ് ഇത്തവണ കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുന്നത്.
കോഴിക്കോട്, നിലമ്പൂർ, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നു പൂരം സർവീസുകൾ നടത്തും. നാളെ രാവിലെ പത്തുമുതലാണ് പ്രത്യേക ബസ്സുകള്‍ ഓടിത്തുടങ്ങുക. ഉച്ചയോടെ ഇവ തൃശൂരിലെത്തും. 26നു പുലര്‍ച്ചെ വെടിക്കെട്ടു കഴിഞ്ഞാലുടൻ തിരികെ ഇതേ റൂട്ടുകളിലേക്ക് മടക്ക സർവീസുകളുണ്ട്.
തൃശൂർ ഡിപ്പോയിലെ 750 ബസുകളും സർവീസ് നടത്താനായി അറ്റകുറ്റപ്പണി നടത്തി ഒരുക്കിയിട്ടുണ്ടെന്ന് സോണൽ ഓഫിസർ കെടി സെബി പറഞ്ഞു. ജീവനക്കാരെയും ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ നിർദേശപ്രകാരമാണു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.