കുറിഞ്ഞിമല സങ്കേതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിസഭാ തീരുമാനം
ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിന്റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്ടറായിരിക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിക്കും.
കുറിഞ്ഞിമല സങ്കേത പ്രദേശത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് എന്നിവ നട്ടുവളര്‍ത്തുന്നത് നിരോധിക്കാന്‍ കേരള പ്രൊമോഷന് ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് ഭേദഗതി ചെയ്യും. റവന്യൂ ഭൂമിയില്‍ വനം വകുപ്പ് നേരിട്ട് മരം നട്ടുപിടിപ്പിക്കുന്നതിന് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും പാട്ടം നല്കുന്ന രീതി അവസാനിപ്പിക്കും. സങ്കേതത്തില്‍ വരുന്ന വനഭൂമിയും പട്ടയഭൂമിയും ഡ്രോണ്‍ അധിഷ്ഠിത സര്‍വെ സാങ്കേതികവിദ്യ ഉപയോഗിച്ച് തിട്ടപ്പെടുത്തുന്ന നടപടി ജൂണിനു മുമ്പ് പൂര്‍ത്തിയാക്കും. അങ്ങനെ തിട്ടപ്പെടുത്തുന്ന ഭൂമി വനം വകുപ്പ് ജണ്ടയിട്ട് തിരിക്കും.
വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് പ്രദേശങ്ങളിലെ മുഴുവന്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങളും ആറുമാസത്തിനകം പിഴുതു മാറ്റുന്നതിന് കലക്ടര്‍ പദ്ധതി തയ്യാറാക്കും. പട്ടയഭൂമിയില്‍ നില്ക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങള്‍ ഉടമ തന്നെ ആറുമാസത്തിനകം പിഴുതുമാറ്റണം. ഉടമ അതിനു തയ്യാറാവാതിരുന്നാല്‍ ഇത്തരം മരങ്ങള്‍ മാറ്റുന്നതിന് ജില്ലാ കലക്ടറെ അധികാരപ്പെടുത്താന്‍ തീരുമാനിച്ചു.
പുതുതായി അനുവദിച്ച അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), കയ്പ്പമംഗലം (തൃശ്ശൂര്‍ റൂറല്‍), കൊപ്പം (പാലക്കാട്), തൊണ്ടര്‍നാട് (വയനാട്), നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), പിണറായി (കണ്ണൂര്‍), പുതൂര്‍ (പാലക്കാട്) എന്നീ ഏഴു പോലീസ് സ്റ്റേഷനുകളിലേക്ക് 147 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കൂടാതെ 77 തസ്തികകള്‍ സമീപ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പുനര്‍വിന്യസിച്ച് നല്‍കും. ഓരോ സ്റ്റേഷനിലേക്കും 32 വീതം തസ്തികകളാണ് അനുവദിച്ചിട്ടുളളത്. മൃഗസംരക്ഷണ വകുപ്പിനു കീഴിലെ കേരള ഫീഡ്സ് ലിമിറ്റഡ്, കോഴിക്കോട് തിരുവങ്ങൂരില്‍ സ്ഥാപിച്ച കാലിത്തീറ്റ ഫാക്ടറിയിലേക്ക് 45 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.