കുറഞ്ഞ ചിലവില്‍ ദാഹമകറ്റി കോട്ടയം റെയില്‍വേ സ്റ്റേഷന്‍

വേനല്‍ ചൂടില്‍ തളര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കുറഞ്ഞചിലവില്‍ ദാഹമകറ്റാം. റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച വെന്‍ഡിങ്ങ് മെഷീന്‍ വഴിയാണ് കുറഞ്ഞ ചിലവില്‍ വെള്ളം കിട്ടുന്നത്.

ഒരുരൂപയ്ക്ക് 300 മില്ലിയും, മൂന്ന് രൂപയ്ക്ക് 500 മില്ലിയും, അഞ്ച് രൂപയ്ക്ക് ഒരു ലിറ്ററും, എട്ട് രൂപയ്ക്ക് രണ്ട് ലിറ്ററും, 20 രൂപയ്ക്ക് അഞ്ച് ലിറ്റര്‍ കുടിവെള്ളവും ലഭിക്കും. 24 മണിക്കൂര്‍ സേവനം ലഭിക്കുന്ന വെന്‍ഡിങ്ങ് മെഷീനില്‍ നിന്ന് കുപ്പി ഉള്‍പ്പെടെ വെള്ളം ലഭിക്കും.

300 മില്ലിലിറ്ററിനും ഒരുലിറ്ററിനും ഒരു രൂപയുടെയും അഞ്ച് രൂപയുടെയും നാണയം നിക്ഷേപിക്കണം. അഞ്ച് രൂപയുടെ ചെമ്പിന്റെ നാണയം നിക്ഷേപിച്ചാല്‍ മാത്രമേ കുടിവെള്ളം ലഭ്യമാകുകയുള്ളൂ. ഇത് യന്ത്രത്തിന്റെ പോരായ്മയാണ്. 15 ദിവസം കൂടുമ്പോള്‍ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം സൂക്ഷിക്കുകയും ചെയ്യും.


റെയില്‍വേ സ്റ്റേഷനുകളില്‍ കടകളില്‍ കുപ്പിവെള്ളത്തിന് 15 രൂപയാണ് വില ഈടാക്കുന്നത്. ഈ സമയം കുറഞ്ഞവിലയില്‍ യാത്രക്കാര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് റെയില്‍വേ.

നിലവില്‍ മൂന്ന് വെന്‍ഡിങ്ങ് മെഷീനുള്ള സ്റ്റേഷനില്‍ ഉടന്‍ തന്നെ അഞ്ച് മെഷീനുകള്‍ക്കൂടി സ്ഥീപിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്വകാര്യ കമ്പനിയുമായി ചേര്‍ന്നാണ് റെയില്‍വേ ഇത്തരം മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുടുംബശ്രീ വഴിയാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. തിരക്കേറിയ ഉത്സവകാലങ്ങളില്‍ ദിവസം 50,000 രൂപയുടെ കച്ചവടം വരെ നടന്നിട്ടുണ്ട്. മെഷീനെക്കുറിച്ച് യാത്രക്കാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.