Alerts

കടല്‍ ഇന്നുരാത്രി വരെ പ്രക്ഷുബ്ധമാകും: വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരളത്തിന്‍റെ തീരമേഖലയിൽ കടൽക്ഷോഭം ഇന്നു രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം. മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ട്.

തീരപ്രദേശത്തുള്ളവരും വിനോദ സഞ്ചാരികളും തീരക്കടലിൽ മൽസ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണകേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇന്നു രാത്രി 11.30 വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരമേഖലകളിൽ വ്യാപകമായ നാശനഷ്ടമാണു കടൽക്ഷോഭം മൂലമുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. വലിയതുറയിൽ നേരത്തെയുള്ള അഞ്ചു ക്യാംപുകൾക്കു പുറമെ ഒരു ദുരിതാശ്വാസക്യാംപ് കൂടി തുടങ്ങി.