ചരിത്രം തിരുത്തി ഒഡീഷയിലെ ക്ഷേത്രം
400 വര്‍ഷത്തിന്റെ ചരിത്രമാണ് ഈ ക്ഷേത്രം തെറ്റിച്ചത്. കേന്ത്രാപാരയിലെ മാപഞ്ചുബറാഹി ക്ഷേത്രത്തിനുള്ളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനം നല്‍കി. ഭാരക്കൂടുതലുള്ള വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയാണ് നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ അവരെ കയറ്റിയത്.
വിവാഹിതകളായ അഞ്ചു ദളിത് സ്ത്രീകളാണ് ക്ഷേത്രം നടത്തുന്നത്.
കടലോരപ്രദേശമായ ശതഭായ ഗ്രാമത്തെ പ്രകൃതിദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തുന്നത് മാ പഞ്ചുബറാഹിയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ആയിരത്തില്‍ താഴെ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ.
എന്നാല്‍ ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ശതഭായ ഗ്രാമത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് വിഗ്രഹങ്ങളെയും ഇവര്‍ പോകുന്നിടത്തേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്.
അഞ്ച് വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഓരോ വിഗ്രഹത്തിനും ഒന്നര ടണ്‍ ഭാരമാണുള്ളത്. ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിഗ്രഹങ്ങള്‍ പുതിയ ഇടത്തേക്ക് മാറ്റാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനാലാണ് പുരുഷന്‍മാരുടെ സഹായം തേടിയതും അത് ചരിത്ര സംഭവമായതും.
പഴയ ക്ഷേത്രത്തിന് 12 കിലേമീറ്റര്‍ അകലെയാണ് പുതുതായി ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടെ ശുദ്ധികര്‍മ്മങ്ങളള്‍ നടന്നുവരികയാണെന്ന് ഗ്രാമവാസികള്‍ അറിയിച്ചു.