Food

പുകമഞ്ഞില്‍ ഐസ്‌ക്രീം നുണയാം: കോഴിക്കോട്ടേക്ക് പോരൂ….

വാതില്‍ തുറന്ന് അകത്ത് കടന്നാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല. തണുപ്പു പുതച്ച് കിടക്കുന്ന സ്ഥലത്ത് എത്തിപ്പെട്ടപോലായിരിക്കും . കാര്യം കേട്ടിട്ട് കാശ്മീര്‍, കുളു, മണാലി ആവും എന്നാണല്ലേ, എങ്കില്‍ തെറ്റി ഇത് കോഴിക്കോടാണ്. ബീച്ച് സില്‍ക്ക് സ്ട്രീറ്റിലെ പഴയ കോര്‍പറേഷന്‍ ഓഫീസിന് ഇടത് വശത്താണ് തണുത്ത പുകകാഴ്ച്ച സഞ്ചാരികളെ കാത്തിരിക്കുന്നത്.

LN2 ഐസ്‌ക്രീം ലാബോറട്ടറി പേര് കേള്‍ക്കുമ്പോള്‍ തോന്നും ഇതൊരു പരീക്ഷണശാലയാണെന്ന്. എന്നാല്‍ പരീക്ഷിച്ച് വിജയിച്ച ഐസ്‌ക്രീം രുചികളുടെ കേന്ദ്രമാണ് നമ്മുടെ ലബോറട്ടറി. ഒരു സ്‌കൂളില്‍ ഒന്നിച്ച് പഠിച്ച ഏഴു ആത്മാര്‍ത്ഥ ചങ്ങാതികളുടെ ആശയാമാണ് LN2 ലാബോറട്ടറി കോഴിക്കോട് എത്തിയത്.

കടയുടെ ഇന്റീരിയര്‍ മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ ഒന്നിച്ചാണ് ചെയ്തത്. സിവില്‍, മെക്കാനിക്കല്‍ തുടങ്ങിയ എന്‍ജിനീയറിങ് ശാഖകളില്‍ നിന്നുള്ളവരായതിനാല്‍ ഒരോ ജോലികളും ഓരോരുത്തര്‍ ഏറ്റെടുത്തു. ഷോപ്പിലേക്ക് കടക്കുന്നതിനു മുന്‍പുള്ള സ്‌കൈലൈറ്റ് വര്‍ക്, ഉള്ളിലെ വരകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം ഇവരുടെ കൈയ്യൊപ്പുള്ളത്.

ഷോപ് തുറന്നതോടെ സ്‌കൂളിലെയും കോളജിലെയും സഹപാഠികളുടെ സഹായം കൂടി ലഭിച്ചതോടെ സംഗതി വമ്പന്‍ ഹിറ്റായി മാറി. ഇന്ന് കുട്ടികളുടെയും യുവാക്കളുടെയും മാത്രമല്ല മുതിര്‍ന്നവരുടെയും ഇഷ്ട സങ്കേതമാണിവിടം.

പുകയുന്ന ഐസ്‌ക്രീമിന്റെ പിന്നില്‍

വിദേശ രാജ്യങ്ങളില്‍ വളരെ മുന്‍പേ എത്തിപ്പെട്ട ലിക്വിഡ് നൈട്രജന്‍ എന്ന ഫുഡ് ഗ്രേഡ് നൈട്രജന്‍ ഉപയോഗിച്ചാണ് ഈ സ്‌മോക്കീസ് ഉണ്ടാക്കുന്നത്. അന്തരീക്ഷവായുവില്‍ 76 ശതമാനമുള്ള നൈട്രജന്‍ സങ്കീര്‍ണമായ പ്രക്രിയയിലൂടെ കംപ്രസ് ചെയ്തു ലിക്വിഡ് ഫോമിലാക്കിയാണ് ഫുഡ് ഗ്രേഡ് നൈട്രജന്‍ ഉണ്ടാക്കുന്നത്. ഇത്തരത്തിലേക്ക് ഇതിനെ മാറ്റുമ്പോള്‍ ഇതിന്റെ ഊഷ്മാവ് മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ് ആണ്.

ഇത് ഉപയോഗിച്ചാണ് ഐസ്‌ക്രീം സ്‌മോക്കീസ് ഉണ്ടാക്കുന്നത്. യൂറോപ്പിലും മറ്റും ലൈവ് ഐസ്‌ക്രീം എന്ന ആശയത്തിനു വലിയ സ്വീകാര്യതയുണ്ട്. വിദേശ രാജ്യങ്ങളില്‍ വളരെ ചിലവേറിയ കഫേകളിലാണ് സ്‌മോക്കീസ് ഉണ്ടാവുക. എന്നാല്‍ അളവില്‍ കുറവുവരുത്തിയാല്‍ സാധാരണക്കാരിലേക്ക് ഇതെത്തിക്കാമെന്നു മനസ്സിലായതോടെ ഏഴു ചെറുപ്പക്കാര്‍ ചേര്‍ന്നിതു കോഴിക്കോടിന് പരിചയപ്പെടുത്തുകയായിരുന്നു.

സ്‌മോക്കീസ്

സ്‌മോക്കീസ് മൂന്നു തരമാണിവിടെയുള്ളത്. പഫ് ബോള്‍സ്, ഓറിയോ, വാഫര്‍ സ്‌മോക്കീസ്. ലൈവ് ആയി 30 തരം ഐസ്‌ക്രീം ഇവിടെയുണ്ട്. ഇതില്‍ ഏറെ പ്രിയമുള്ളത് ഫ്രഷ് ഫ്രൂട്‌സ് ഐസ്‌ക്രീമുകള്‍ക്കാണ്. ചിക്കു, മാമ്പഴം, വാഴപ്പഴം, കരിക്ക്, തണ്ണിമത്തന്‍, പപ്പായ, ഷമാം, ചക്ക, പേരയ്ക്ക എന്നിവയാണിവ.

ഡ്രൈ ഫ്രൂട്‌സില്‍ ബദാം, ഈന്തപ്പഴം, മിക്‌സഡ് ഡ്രൈ ഫ്രൂട്‌സ്, അത്തിപ്പഴം എന്നിവയാണിവ. ചോക്ലേറ്റില്‍ സാധാരണ ചോക്ലേറ്റ് ഐസ്‌ക്രീമിനു പുറമെ സ്‌പെഷല്‍ ചോക്ലേറ്റുകളായ ന്യൂട്ടെല്ല, ബൗണ്ടി, കിറ്റ്ക്യാറ്റ്, മാര്‍സ്, ഫെറേറോ റോഷര്‍, ചോക്കോ കുക്കീസ്, പീനട്ട് ബട്ടര്‍ തുടങ്ങിയവ.

സ്വീറ്റ്‌സില്‍ ഗുലാബ്ജാമുന്‍, രസഗുള. കാരമല്‍, കോഫി, ഓറിയോ എന്നീ ബേസിക് ഫ്‌ലേവറുകളും ബ്ലൂബെറി, സ്‌ട്രോബെറി എന്നിവയുമുണ്ട്. ഐസ്‌ക്രീം ലൈവ് ആയതിനാല്‍ പ്രിസര്‍വേറ്റീവ്‌സ് ഇവര്‍ ഉപയോഗിക്കുന്നില്ല.

LN2 ഐസ്‌ക്രീം ലബോറട്ടറിയുടെ പ്രവര്‍ത്തന സമയം വൈകിട്ട് നാലു മണി മുതല്‍ രാത്രി 11.30 വരെയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടു മണി മുതല്‍ 12 മണിവരെ. തിരക്കുള്ള സമയങ്ങളില്‍ സമീപത്ത് പാര്‍ക് ചെയ്യുന്ന വാഹനങ്ങളിലേക്കുള്ള സര്‍വീസുമുണ്ട്. അടുത്ത മാസം മുതല്‍ നഗരത്തിലെവിടെയും പാര്‍ട്ടികള്‍ക്കും ഇവന്റുകള്‍ക്കായി ലൈവ് ഐസ്‌ക്രീം സ്‌മോക്കീസ് ഔട്‌ഡോര്‍ സ്റ്റാളുകളും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.