News

സഞ്ചാരികള്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി കുറുവ ദ്വീപ്

കുറവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ ടോക്കണ്‍ ലഭിക്കണമെങ്കില്‍ ആധാര്‍കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയതായി കുറുവ ഡിഎംസി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. കുറുവ ദ്വീപിന്റെ സംരക്ഷണത്തിന് വേണ്ടി സന്ദര്‍ശകരുടെ എണ്ണം 400ആയി നിയന്ത്രണം എര്‍പ്പെടുത്തിയിരുന്നു.

പാല്‍ വെളിച്ചം ഭാഗത്തുള്ള കുറുവ ഡിഎംസിയുടെ കൗണ്ടറില്‍ നിന്ന് രാവിലെ 6 മുതല്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍, ടോക്കണ്‍ സംവിധാനം വ്യാപകമായി ചിലര്‍ ദുര്‍വിനിയോഗം ചെയ്തതോടെയാണ് തിരിച്ചറയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ടോക്കണ്‍ എടുക്കുന്ന സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് അനുവദിക്കയുള്ളു.

ഇടവേളക്ക് ശേഷം 2017 ഡിസംബര്‍ 16 മുതലാണ് സഞ്ചാരികള്‍ കുറവയില്‍ വീണ്ടും പ്രവേശനം അനുവദിച്ചത്. പ്രവേശനത്തിന് നിയന്ത്രണം എര്‍പ്പെടുത്തിയാണ് കുറവ ദ്വീപ് സഞ്ചാരികള്‍ക്ക് വനംവകുപ്പ് തുറന്ന് കൊടുത്തത്. പാക്കം ചെറിയമല ഭാഗത്ത് വനം വകുപ്പിന്റെ കീഴിലും പാല്‍ വെളിച്ചം ഭാഗത്ത് ഡിടിപിസിയുടെ കീഴിലുള്ള കുറുവ സിഎംസിയുമാണ് സന്ദര്‍ശകരെ ദ്വീപില്‍ പ്രവേശിക്കുന്നത്.

രണ്ട് ഭാഗത്തുമായി 400 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. വനസംരക്ഷണസമിതിയുടെ നിയന്ത്രണത്തിലുള്ള കൗണ്ടറില്‍ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണമില്ലതെ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്ന സമയത്ത് ദ്വിപ് നാശത്തിന്റെ വക്കിലെത്തിയിരുന്നു. ഇതോടെയാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഈ സീസണില്‍ കാട്ടാനയുടെ ശല്യം കാരണം ഒരു ദിവസം മാത്രമാണ് സഞ്ചാരികള്‍ക്ക് ദ്വീപിലേക്ക് പ്രവേശനത്തിന് തടസ്സം നേരിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ ദ്വീപിനുള്ളിലെ കാട്ടാനകളെ തുരത്തിയതിന് ശേഷമാണ് സഞ്ചാരികളെ പ്രവേശിപ്പിച്ചത്. ദ്വീപിന്റെ സംരക്ഷണത്തിന് വനം വകുപ്പ് നിരവധി പദ്ധതികളും തയ്യാറാക്കുന്നുണ്ട്