ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി
അയര്‍ലന്‍ഡ് സ്വദേശിനി ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ലിഗയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പാളിച്ചകളില്ലാത്ത അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തു നിന്നും വന്ന ഒരാള്‍ക്ക് കേരളത്തില്‍ വച്ച് ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്നതാണ് കേസിലെ പ്രധാന വിഷയം. ആ ഗൗരവം ഉള്‍ക്കൊണ്ടു തന്നെയാണ് പോലീസ് ഈ കേസിനെ സമീപിച്ചിട്ടുള്ളത്. വളരെ സൂഷ്മതയോടെ ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കുന്നത്. ഏറ്റവും മികച്ച വിദഗദ്ധന്മാരുടെ സേവനമാണ് അന്വേഷണസംഘം ഉപയോഗിക്കുന്നത്.
ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്‍ക്വസ്റ്റ് നടപടികളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണസംഘത്തെ നയിക്കുന്ന ഐജി മനോജ് എബ്രഹാമുമായി നിരന്തരമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ലിഗയുടെ സഹോദരി എലിസ സ്വാഗതം ചെയ്തു. ലിഗ ആത്മഹത്യ ചെയ്യില്ലെന്നും വാഴമുട്ടത്ത് ലിഗയ്ക്ക് ഒറ്റയ്ക്ക് എത്താന്‍ കഴിയില്ലെന്നും എലിസ ആരോപിച്ചു.